ആശുപത്രിയിൽ ആക്രമണം: പ്രതി പിടിയിൽ
text_fieldsമനു മുരളി
പാലാ: ജനറൽ ആശുപത്രിയിൽ അക്രമം നടത്തിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം അമനകര നെല്ലുകോട്ടിൽ വീട്ടിൽ മനു മുരളിയാണ് (27) പിടിയിലായത്.
പാലാ ജനറൽ ആശുപത്രിയിൽ മദ്യപിച്ച് എത്തിയ പ്രതി വനിത വാർഡിൽ കയറാൻ ശ്രമിക്കുകയും ഇത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു. കൂടാതെ അർബുദ വാർഡിലെ ജനൽചില്ലുകൾ കല്ലെറിഞ്ഞു തകർത്ത് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാൾക്ക് രാമപുരം, തൃശൂർ ടൗൺ സ്റ്റേഷനുകളിൽ അടിപിടിക്കേസും മാല പൊട്ടിച്ച കേസും നിലവിലുണ്ട്. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ അശോകൻ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒമാരായ മഹേഷ്, അജു വി. തോമസ്, രഞ്ജു പി. രാജു, സുരേഷ് ബാബു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

