ഡോക്ടറെ ഹണി ട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ
text_fieldsനിസ, നൗഫിയ
തൃശൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന നൗഫിയ ഡോക്ടർ മോശമായി പെരുമാറിയെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിന് ശ്രമിച്ചത്. വാട്‌സ്ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഇയാളിൽനിന്ന് പണം തട്ടാനുള്ള ശ്രമമാണ് പ്രതികൾ നടത്തിയത്. കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു പ്രതികൾ.
ഇതിനുവേണ്ടി പലതവണ വാട്‌സ്ആപ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകി. തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറിൽനിന്ന് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

