വീടുകയറി ആക്രമണം: ബി.ജെ.പി കൗൺസിലർ അറസ്റ്റിൽ
text_fieldsജയദേവൻ
പരപ്പനങ്ങാടി: വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ചെന്ന പരാതിയിൽ കോടതി ശിക്ഷിച്ച ബി.ജെ.പി കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.സി-എസ്.ടി ജില്ല കോടതി ശിക്ഷ വിധിച്ച കേസിലാണ് ബി.ജെ.പി നേതാവും പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലറുമായ ജയദേവനെ സി.ഐ ഹണി കെ. ദാസ് അറസ്റ്റ് ചെയ്തത്. അയോധ്യ നഗറിൽ 2019 ആഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം.
സ്ത്രീയെ ആക്രമിച്ച് പരിക്കേൽപിക്കുകയും ജാതീയമായി ആക്ഷേപിച്ചെന്നുമാണ് കേസ്. പരപ്പനങ്ങാടി ബി.ജെ.പി മുനിസിപ്പൽ കൗൺസിലറായ ജയദേവൻ, മുൻ കൗൺസിലറായ ഹരിദാസൻ, സുലോചന, രാമൻ, രഘു, ഷൈജു എന്നിവർക്കാണ് മഞ്ചേരി കോടതി 50,000 രൂപയും തടവുശിക്ഷയും വിധിച്ചിരുന്നത്. ശിക്ഷ വിധിച്ച് ഒരുമാസത്തിനുള്ളിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് കോടതി അവസരം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചാം തീയതി അപ്പീലിനുള്ള സമയപരിധി കഴിഞ്ഞതോടെ കോടതി ശിക്ഷിക്കപ്പെട്ടവർക്ക് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. എന്നാൽ, കേസിൽ ജയദേവനെ ജാമ്യത്തിൽ വിട്ടതായി പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ അറിയിച്ചു.