പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ കത്തി കാട്ടി നാലുപവൻ കവർന്നു
text_fieldsതാലിമാലയുടെ ഭാഗവുമായി അമ്മൂമ്മ ബേബിയും
അനന്തലക്ഷ്മിയും
ചേര്‍ത്തല: പട്ടാപ്പകല്‍ വീട്ടില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന് സ്വര്‍ണം കവര്‍ന്നു. ചേര്‍ത്തല നഗരസഭ 34ാം വാര്‍ഡ് കുറ്റിക്കാട് കവല മാച്ചാന്തറ സജീവിെൻറ മകള്‍ അനന്തലക്ഷ്മിയെ(24) കത്തികാട്ടിയായിരുന്നു കവര്‍ച്ച നടത്തിയത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. യുവതിയുടെ മാലയും അലമാരയിലെ സ്വർണവുമാണ് കവർന്നത്.
സംഭവെത്തക്കുറിച്ച് വീട്ടുകാർ പറയുന്നത്: വൈകീട്ട് മൂന്നരയോടെ അമ്മൂമ്മ ബേബി കുളിക്കാനായി പോയ സമയത്താണ് വീട്ടിലേക്ക് ഒരാള്‍ കയറിയത്. കറുത്ത പാൻറ്സും നീല ഷര്‍ട്ടും ധരിച്ച മെലിഞ്ഞയാള്‍ മാസ്ക് ധരിച്ചിരുന്നു. സ്വീകരണമുറിയില്‍ ഇരുന്ന അനന്തലക്ഷ്മിക്കുനേരെ കത്തിവീശിയാണ് ഭീഷണി മുഴക്കിയത്. ഭിത്തിയില്‍ ചാരി നിര്‍ത്തി കത്തികാട്ടിയാണ് ആദ്യം മാല പൊട്ടിച്ചെടുത്തത്. തുടര്‍ന്ന് കത്തികാട്ടി കിടപ്പുമുറിയിലെത്തിച്ച് അലമാര തുറക്കാൻ ആവശ്യപ്പെട്ടു. വസ്ത്രങ്ങളെല്ലാം വലിച്ചിട്ടു. ലോക്കറിെൻറ താക്കോലെടുപ്പിച്ച് തുറപ്പിച്ചു. അലമാരയുടെ ലോക്കര്‍ തുറന്നാണ് നാല് പവന്‍വരുന്ന മാല കൈക്കലാക്കിയത്. ഇതിനു ശേഷം തിരികെ പുറത്തേക്കുനടക്കുമ്പോള്‍ മോഷ്ടാവിെൻറ കൈകളില്‍നിന്ന് മാല പിടിച്ചുവാങ്ങാന്‍ അനന്തലക്ഷ്മി ശ്രമിച്ചെങ്കിലും താലിമാലയുടെ ചെറിയൊരുഭാഗം മാത്രമാണ് കൈയിൽ കിട്ടിയത്.
ബാക്കി ഭാഗവുമായി ഇയാള്‍ കടന്നു. അപ്രതീക്ഷിത അക്രമത്തില്‍ ഭയന്നുപോയതിനാല്‍ ഒച്ചവെക്കാന്‍ പോലുമായില്ലെന്ന് ബി.ബി.എ വിദ്യാര്‍ഥിനിയായ അനന്തലക്ഷ്മി പറഞ്ഞു. കുളികഴിഞ്ഞ് അമ്മൂമ്മയെത്തുമ്പോഴേക്കും മോഷ്ടാവ് കടന്നിരുന്നു. ഇതിനുശേഷമാണ് സമീപവാസികള്‍ വിവരം അറിയുന്നത്. ഉടന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് പരിശോധനക്കിടെ സംശയാസ്പദമായ തരത്തില്‍ കണ്ടയാളെ പിടികൂടി വീട്ടിലെത്തിച്ചെങ്കിലും അയാളല്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ചേർത്തല സ്റ്റേഷൻ ഓഫിസർ പി. ശ്രീകുമാർ പറഞ്ഞു.