വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ
text_fieldsകുമളി: വീട് കുത്തിത്തുറന്ന് സ്വർണാഭരണം മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം പളനിക്കാവിൽ കണ്ണൻ (37) ആണ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം. പളനിക്കാവ് സ്വദേശികളായ മണികണ്ഠൻ- വിജയ ദമ്പതികളുടെ വീടാണ് വീട്ടുകാർ ജോലിക്കുപോയ നേരത്ത് കുത്തിത്തുറന്നത്. അഞ്ച് ജോഡി കമ്മലും രണ്ട് മോതിരവും മോഷ്ടിച്ചു.
മരംവെട്ട് തൊഴിലാളിയായ കണ്ണൻ ഇതേ കോളനിയിലാണ് താമസിക്കുന്നത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കുമളിയിലെ സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ച് പ്രതി 34,000 രൂപ കൈപ്പറ്റിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കുമളി അഡീഷനൽ എസ്.ഐ നൗഷാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച 11ഗ്രാം സ്വർണം ധനകാര്യ സ്ഥാപനത്തിൽനിന്ന് ബുധനാഴ്ച തിരികെ വാങ്ങിയശേഷം തൊണ്ടിമുതലും പ്രതിയെയും കോടതിയിൽ ഹാജരാക്കും.

