കണ്ണിൽ മുളക്സ്പ്രേ അടിച്ച് അതിഥിതൊഴിലാളിയുടെ ഫോൺ തട്ടിയെടുത്തു
text_fieldsകവർച്ചക്കിരയായ സുൽത്താൻ
തലശ്ശേരി: സൈക്കിളിൽ ജോലിക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളിയായ യുവാവിനെ വഴിയിൽ തടഞ്ഞ് കണ്ണിൽ മുളക് സ്പ്രേ ചെയ്ത് ഫോൺ തട്ടിയെടുത്തു. കൊളശ്ശേരിയിലെ കോഴിക്കടയിൽ ജോലിചെയ്യുന്ന കൊൽക്കത്ത മിഡ്നാനാപൂരിലെ സുൽത്താനാണ് (19) ചൊവ്വാഴ്ച പുലർച്ച അഞ്ചിന് കവർച്ചക്ക് ഇരയായത്. ജൂബിലി റോഡിലാണ് സംഭവം.
ചാലിൽ നായനാർ കോളനിക്കടുത്താണ് കൂട്ടുകാർക്കൊപ്പം സുൽത്താൻ താമസിക്കുന്നത്. മലയാളിയെന്ന് കരുതുന്ന ആളാണ് ആക്രമിച്ചതെന്ന് സുൽത്താൻ പറഞ്ഞു. താമസസ്ഥലത്ത് നിന്നും പുലർച്ച ജോലിക്ക് പോകുന്നതിനിടയിൽ ഇരുട്ടിൽ പെട്ടെന്ന് മുന്നിലെത്തിയ ആൾ സൈക്കിൾ തടഞ്ഞ് താൻ പൊലീസാണെന്ന് പറഞ്ഞ് സുൽത്താനോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. സുൽത്താൻ കീശയിൽ തിരിച്ചറിയൽ കാർഡ് തിരയുന്നതിനിടെ അഞ്ജാതൻ യുവാവിന്റെ കണ്ണിൽ മുളക്സ്പ്രേ തളിച്ച് ഞൊടിയിടയിൽ സുൽത്താനിൽ നിന്നും ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. 25,000 രൂപ വിലവരുന്ന ഫോണാണ് നഷ്ടപ്പെട്ടതെന്ന് സുൽത്താൻ പരാതിപ്പെട്ടു. ഫോണിന്റെ കവറിനുള്ളിൽ കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് പോവാനായി ബുക്ക് ചെയ്ത നാല് റെയിൽവേ ടിക്കറ്റും ഉണ്ടായിരുന്നു. മുളക്സ്പ്രേ കണ്ണിൽ തട്ടിയ അസ്വസ്ഥതയിൽ സുൽത്താൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നേടി.
ജീവകാരുണ്യ പ്രവർത്തകനായ മട്ടാമ്പ്രത്തെ മൻസൂറാണ് യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കാനും പൊലീസിൽ പരാതിപ്പെടാനും സഹായിച്ചത്. രണ്ട് ദിവസം മുമ്പ് നഗരമധ്യത്തിലെ മുകുന്ദ് മല്ലർ റോഡിലുള്ള നരസിംഹ ക്ഷേത്രത്തിനടുത്ത വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധികയെ മുഖം മറച്ചെത്തിയ അജ്ഞാതൻ പട്ടാപ്പകൽ ആക്രമിച്ച് സ്വർണവള തട്ടിയെടുക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

