ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് പണവും മൊബൈൽ ഫോണും കവർന്നു
text_fieldsപരിക്കേറ്റ രാഹുൽ
കുരുവട്ടൂർ: തൊഴിലാളിയെ താമസ സ്ഥലത്തുവെച്ച് ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച് കവർച്ചക്കിരയാക്കി. പറമ്പിൽബസാർ നമ്പ്യാട്ടുതാഴം കനാലിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി രാഹുലാണ് കവർച്ചക്കിരയായത്. 3000 രൂപ അടങ്ങിയ പഴ്സും പുതിയ മൊബൈൽ ഫോണുമാണ് കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ച മൂന്നരയോടെയാണ് സംഭവം.
അപകടം പറ്റിയെന്നും വെള്ളം വേണമെന്നും ആവശ്യപ്പെട്ട് വന്ന ആൾക്ക് വാതിൽ തുറന്ന് വെള്ളം എടുക്കുന്നതിനിടെ മുറിയിൽ കയറിയ ആക്രമി രാഹുലിനെ തള്ളിവീഴ്ത്തുകയായിരുന്നു. മോഷണശ്രമം ചെറുത്ത രാഹുലിനെ ഹെൽമറ്റ് കൊണ്ട് അടിച്ചുവീഴ്ത്തി. കറുത്ത തൊപ്പിയും അതിനു മുകളിൽ ഹെൽമറ്റും ധരിച്ച് കറുത്ത പൾസർ ബൈക്കിലാണ് ആക്രമി വന്നതെന്ന് രാഹുൽ പറഞ്ഞു. പരിക്കേറ്റ രാഹുലിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ രാഹുൽ അഞ്ചു മാസം മുമ്പാണ് കുരുവട്ടൂർ പൊട്ടംമുറി സ്വദേശിയുടെ കൂടെ ജോലിക്ക് ചേർന്നത്. തൊട്ടടുത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിലും മുമ്പ് വെള്ളം ചോദിച്ച് എത്തിയിരുന്നുവത്രെ.
മുമ്പ് 20,000 രൂപ മോഷണം പോയ അനുഭവം ഉള്ളതിനാൽ വാതിൽ തുറക്കാതെ ഗ്രില്ലിനിടയിലൂടെ വെള്ളം കൊടുക്കുകയായിരുന്നു. സംഭവം നടന്ന ദിവസം പുല്ലാളൂരിൽ കട കുത്തിത്തുറക്കാനും ശ്രമമുണ്ടായി. കറുത്ത് ഉയരംകൂടിയ ആളാണ് കവർച്ച നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

