ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി തോക്കുമായി കോളനിയിലെത്തി ഭീഷണി മുഴക്കി മുൻ സൈനികൻ; നാടകീയതക്കൊടുവിൽ സ്വയം വെടിയുതിർത്ത് മരിച്ചു
text_fieldsചണ്ഡീഗഢ്: ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന് തോക്കുമായി കോളനിയിലെത്തി ഭീഷണി മുഴക്കി മുൻ സൈനികൻ. പഞ്ചാബിലെ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് കോളനി നമ്പർ 7ലെത്തി വിമുക്തഭടൻ ആളുകളെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിൽ 200ഓളം പൊലീസുകാർ പ്രദേശം വളഞ്ഞു.
ജയിൽ ഡ്യൂട്ടിക്കിടെ മുൻ സൈനികൻ തോക്ക് മോഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഗുരുദാസ്പൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയതിന് ശേഷമാണ് മുൻ സൈനികൻ കോളനിയിലെത്തിയത്. ഒരാൾ എ.കെ-47 തോക്കുമായി വെടിവെക്കാനൊരുങ്ങുന്ന എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസുകാർ പ്രദേശം വളഞ്ഞത്. വിവരം ലഭിച്ച് അരമണിക്കൂറിനുള്ളിൽ പൊലീസ് സംഘം ഗുർപ്രീത് സിങ് ഒളിച്ചിരിക്കുന്ന ഫ്ലാറ്റ് വളഞ്ഞു. എസ്.എസ്.പി ഉൾപ്പെടെ എല്ലാ പൊലീസുകാരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചിരുന്നു. കോളനിയിൽ ഉടനീളം ഫാൻ പ്രവർത്തിപ്പിക്കാനും പൊലീസ് ആവശ്യപ്പെട്ടു. അതിനു ശേഷം എസ്.എസ്.പി ആദിത്യ ഗുർപ്രീതുമായി
അനുരഞ്ജന ചർച്ചകൾ തുടങ്ങി. കീഴടങ്ങിയാൽ ഗുർപ്രീതിന് ഒന്നും സംഭവിക്കില്ലെന്നും ഉറപ്പുനൽകി. ഗുർപ്രീത് ആദ്യം ചർച്ചക്ക് സന്നദ്ധത കാണിച്ചില്ല. മുതിർന്ന ഉദ്യോഗസ്ഥർ തുടർനടപടികളെ കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് വെടിയൊച്ച കേട്ടു. ഗുർപ്രീത് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസുകാർ കരുതിയത്.
പരിശോധിക്കാനെത്തിയ പൊലീസുകാർ കണ്ടത് ഗുർപ്രീത് കെട്ടിടത്തിന്റെ പടിക്കെട്ടിൽ ഇരിക്കുന്നതാണ്. തുടർന്ന് ഒരു പൊലീസുകാരൻ അബദ്ധത്തിൽ വെടിയുതിർത്തതാണെന്ന് മനസിലാക്കിയ എസ്.എസ്.പി അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു. എസ്.എസ്.പി ഗുർപ്രീതുമായി ചർച്ച തുടർന്നു. എന്നാൽ അറസ്റ്റ് ചെയ്യാൻ വന്നാൽ വെടിവെക്കുമെന്നായിരുന്നു ഗുർപ്രീതിന്റെ ഭീഷണി. മിനിറ്റുകൾക്കു ശേഷം വീണ്ടും വെടിയൊച്ച കേട്ടു. ഇത്തവണ ഗുർപ്രീത് സ്വയം നിറയൊഴിക്കുകയായിരുന്നു. ഗുർപ്രീതി ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്താനുള്ള കാരണം പൊലീസ് അന്വേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

