സഹപാഠിയുമായുള്ള പ്രണയത്തിന് ഹൈകോടതിയുടെ പച്ചക്കൊടി; പോക്സോ കേസ് റദ്ദാക്കി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: സ്കൂൾ പഠനകാലം മുതലുള്ള പ്രണയത്തെയും കാമുകനെയും കൈയൊഴിയാതെ പ്രണയിനിയായ പെൺകുട്ടി. ആൺകുട്ടിയുമൊത്ത് പ്രണയം തുടരാനാണ് ആഗ്രഹമെന്ന് കൗമാരക്കാരി നൽകിയ സത്യവാങ്മൂലത്തെ തുടർന്ന് പോക്സോ കേസ് കോടതി റദ്ദാക്കി.
പതിനെട്ടുകാരനായ കൗമാരക്കാരനെതിരെ ചിറയിൻകീഴ് പൊലീസെടുത്ത പോക്സോ കേസ് വിസ്താരത്തിനിടയിലാണ് പ്രണയബന്ധം തുടരാനുള്ള ആഗ്രഹമറിയിച്ചത്. ഇരുവരുമൊത്തുളള യാത്രകളിലും സുഹൃത്തുക്കളുടെ വീടുകളിലുംവെച്ച് പലതവണ പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു കേസ്.
തിരുവനന്തപുരം പോക്സോ കോടതിയുടെ കീഴിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പതിനെട്ടുകാരനായ കൗമാരക്കാരൻ ഹൈകോടതിയെ സമീപിച്ചത്. കേസെടുക്കുമ്പോൾ പെൺകുട്ടിക്ക് പതിനെട്ട് വയസ്സിൽ താഴെയായിരുന്നു പ്രായമെന്നതിനാൽ ഉഭയസമ്മതപ്രകാരമുളള ബന്ധമെന്ന വാദം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
കുട്ടിക്കാലം മുതലേ ഒരുമിച്ച് പഠിച്ചു വളർന്നതിനാൽ പോക്സോ കേസ് കൗമാരക്കാരന്റെ ഭാവി തകർക്കുമെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പരാതിയില്ലെന്നതിനാലും ഭാവിയിൽ ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള സാധ്യതയെയും മുൻ നിർത്തിയാണ് കേസ് റദ്ദാക്കുന്നതെന്നും ഉത്തരവിൽ ജസ്റ്റിസ് ജി. ഗിരീഷ് അഭിപ്രായപ്പെട്ടു.
2023 ൽ കേസെടുക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും ആരോപിച്ചായിരുന്നു കേസെടുത്തത്. അന്ന് സംഭവിച്ച കൗമാരചാപല്യങ്ങളാണ് ക്രിമിനൽ കേസായതെന്നും കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

