ഹേമചന്ദ്രൻ കൊലക്കേസ്; മുഖ്യപ്രതിയുമായി തെളിവെടുപ്പ്
text_fieldsഅറസ്റ്റിലായ നൗഷാദ്, കൊല്ലപ്പെട്ട ഹേമചന്ദ്രൻ
കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സുൽത്താൻബത്തേരി പഴുപ്പത്തൂർ പുല്ലഭി വീട്ടിൽ നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ച ബീനാച്ചിയിലെ വീട്, മൃതദേഹം കുഴിച്ചിടാനുള്ള ആയുധങ്ങൾ വാടകക്കെടുത്ത കട, പെട്രോൾ പമ്പ്, മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.
രാവിലെ തുടങ്ങിയ തെളിവെടുപ്പ് വൈകീട്ടുവരെ നീണ്ടു. കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷും സംഘവും ഇന്നലെ രാവിലെയാണ് പ്രതി നൗഷാദിനെയുംകൊണ്ട് വയനാട്ടിലെത്തിയത്. നൗഷാദിന്റെ സുഹൃത്ത് വിൽപനക്ക് ഏൽപിച്ച ബീനാച്ചിയിലെ വാടകവീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്. ഇവിടെയാണ് ഹേമചന്ദ്രൻ കൊല്ലപ്പെട്ടത്. ഹേമചന്ദ്രൻ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു രേഖകളും വീടിന്റെ പിറകുവശത്ത് കത്തിച്ചിരുന്നു. ഈ ഭാഗവും നൗഷാദ് ചൂണ്ടിക്കാണിച്ചു.
തുടർന്ന്, മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനത്തിലും തെളിവെടുപ്പ് നടത്തി. മൃതദേഹം കുഴിച്ചിടാനുള്ള മൺവെട്ടിയും കുട്ടയുമെല്ലാം വാടകക്കെടുത്ത കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ഇവിടത്തെ വാടക രജിസ്റ്ററിൽ ഇയാളുടെ പേരുണ്ടായിരുന്നു.
അതേസമയം, താൻ കൊലപ്പെടുത്തിയതല്ലെന്നും ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നുമാണ് ഇന്നലെയും നൗഷാദ് ആവർത്തിച്ചത്. ഈ വാദം പൊളിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കേസന്വേഷണ സംഘത്തിലെ ഇൻസ്പക്ടർ കെ.കെ. ആഗേഷ്, എസ്.ഐ അമൽ ജോയി, എസ്.സി.പി.ഒമാരായ വിനോദ് രമിനാസ്, വിജീഷ് എരഞ്ഞിക്കൽ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ എന്നിവരായിരുന്നു പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.
2024 മാർച്ച് 20നാണ് ഹേമചന്ദ്രൻ കോഴിക്കോട് മായനാട്ടെ വാടകവീട്ടിൽനിന്ന് പുറത്തുപോയത്. പെൺസുഹൃത്തിനെക്കൊണ്ട് വിളിച്ചുവരുത്തിച്ച സുൽത്താൻ ബത്തേരി സ്വദേശികളായ നൗഷാദ്, ജ്യോതിഷ്കുമാർ, അജേഷ് എന്നിവർ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മറ്റൊരു പ്രതിയായ വൈശാഖിന്റെ സഹായത്തോടെ ചേരമ്പാടി വനത്തിൽ കുഴിച്ചുമൂടിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

