ഹാവേരി കൂട്ടബലാത്സംഗം: സി.ഐക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി
text_fieldsകോൺസ്റ്റബിൾ ഇല്യാസ്, സി.ഐ ശ്രീധർ
ഹാവേരി (കർണാടക): ആർ.ടി.സി ബസ് ഡ്രൈവർക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ. കൃത്യനിർവഹണ വീഴ്ചയും അന്വേഷണത്തിലെ കാലതാമസവുമാണ് നടപടിക്കാധാരം. ഹനഗൽ പൊലീസ് ഇൻസ്പെക്ടർ എസ്.ആർ.ശ്രീധർ, കോൺസ്റ്റബിൾ ഇല്യാസ് ശേതസനദി എന്നിവരെയാണ് ജില്ല പൊലീസ് സൂപ്രണ്ട് അൻഷു കുമാർ സസ്പെൻഡ് ചെയ്തത്. ഹാവേരി ജില്ലയിലെ ഹനഗലിൽ ഈ മാസം എട്ടിനായിരുന്നു സംഭവം.
ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അക്കി അലുർ സ്വദേശി മഫീദ് ഒണികേരിയാണ്(23) അറസ്റ്റിലായത്. മദരസാബ് മണ്ഡകിയിലെ അഫ്താബ് ചന്ദനക്കട്ടി(24), അക്കി അലുറിലെ അബ്ദുല്ല ഖാദർ (25), ജാഫർ ഹഞ്ചിമണി(22), അക്കി അലുർ സ്വദേശികളായ ഇംറാൻ ബഷീർ ജെക്കിനക്കട്ടി(23), റേഹൻ ഹുസൈൻ (19), സാദിഖ് ബാബുസാബ് അഗസിമണി(29), ശുഐബ് മുല്ല (19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം എട്ടിനാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. യുവതിയേയും ഒപ്പമുണ്ടായിരുന്നയാളേയും ലോഡ്ജ് മുറിയിൽ അക്രമിച്ചവർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെത്തുടർന്ന് രണ്ട് ദിവസം കഴിഞ്ഞാണ് പൊലീസ് സദാചാര ഗുണ്ടായിസത്തിന് കേസ് റജിസ്റ്റർ ചെയ്തത്.
സംഭവ ദിവസം ഉച്ച ഒന്നോടെ 40 കാരനായ കർണാടക ആർ.ടി.സി ബസ് ഡ്രൈവറും 26കാരി മുസ്‌ലിം ഭർതൃമതിയും ലോഡ്ജിൽ മുറിയെടുത്തതാണ് അക്രമങ്ങളിലേക്ക് നയിച്ചത്. ഇരുവരും ഓട്ടോയിൽ വന്നിറങ്ങിയ ഉടൻ ഡ്രൈവറുടെ മതമറിയുന്നവർ ഒപ്പം പർദ്ദധാരിണിയെ കണ്ടതോടെ സന്ദേശങ്ങൾ കൈമാറി. ബൈക്കുകളിൽ എത്തിയ സംഘം
ഡ്രൈവറും യുവതിയും തങ്ങിയ മുറി വാതിലിൽ മുട്ടിയത് മുതലുള്ള രംഗങ്ങൾ അക്രമികൾ വീഡിയോയിൽ പകർത്തി.
വാതിൽ തുറന്നയുടൻ തെറിവിളിയും അക്രമവും തുടങ്ങി. യുവതി വസ്ത്രത്തിന് മുകളിൽ അണിഞ്ഞ പർദ്ദ ബലമായി അഴിച്ച് അവരുടെ മുഖം വെളിപ്പെടുത്താൻ അക്രമികൾ തുനിയുന്നതും അവർ പർദ്ദയിൽ മറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ വിഡിയോ അക്രമികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഈ മാസം 11ന് മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയ രഹസ്യ മൊഴിയിലാണ് യുവതി കൂട്ട ബലാത്സംഗം സംബന്ധിച്ച വിവരങ്ങൾ നൽകിയത്. ലോഡ്ജിൽ നിന്ന് ബൈക്കിൽ കയറ്റിയ തന്നെ വനമേഖലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് മൊഴി.
ഇതേത്തുടർന്ന് പൊലീസ് 376ഡി (കൂട്ട ബലാത്സംഗം) പ്രകാരം കേസെടുക്കുകയായിരുന്നു. അതിജീവിതയായ യുവതി ഇപ്പോൾ വനിത-ശിശു ക്ഷേമ വകുപ്പിന്റെ മന്ദിരത്തിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

