കുന്നംകുളത്ത് കാറിൽനിന്ന് ഹാഷിഷ് ഓയിൽ പിടികൂടി
text_fieldsകുന്നംകുളം: നഗരത്തിലെ വാഹന പരിശോധനക്കിടെ കാറിൽനിന്ന് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. പ്രതികളായ രണ്ടുപേർ കാറിൽനിന്ന് ഇറങ്ങിയോടി. പിന്നീട് പ്രതികളിൽ ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലൂടെ 270 മില്ലി ലിറ്റർ ഹാഷിഷ് കൂടി ഓയിൽ കണ്ടെടുത്തു. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.
ചാവക്കാട് സ്വദേശി വളവിട്ടിൽ രഞ്ജിത്താണ് മുഖ്യപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. കുന്നംകുളം അസിസ്റ്റൻറ് പൊലീസ് കമീഷണർ ടി.എസ്. സിനോജിെൻറ നിർദേശപ്രകാരം സമ്പൂർണ ലോക്ഡൗണിെൻറ ഭാഗമായി നടത്തിയ വാഹന പരിശോധനക്കിടെ കുന്നംകുളം ജങ്ഷനിൽ തടഞ്ഞ കാറിൽനിന്നാണ് ആദ്യം 10 മില്ലി ഹാഷിഷ് പിടിച്ചെടുത്തത്. ഉടനെ പ്രതികൾ ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷനിലെ െപാലീസ് ഉദ്യോഗസ്ഥരായ വൈശാഖും വിനോദും ചേർന്നാണ് കാർ തടഞ്ഞ് ഹാഷിഷ് ഓയിൽ പിടികൂടിയത്. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചു. പിന്നീട് കുന്നംകുളം സി.ഐ സൂരജിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മുഖ്യപ്രതിയായ രഞ്ജിത്തിെൻറ വീട്ടിൽനിന്ന് 270 മില്ലി ലിറ്റർ ഹാഷിഷ് ഓയിൽ കൂടി കണ്ടെത്തി. കിടപ്പുമുറിയിലെ അലമാരയിലാണ് ഓയിൽ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വാടകക്ക് എടുത്ത കാറിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. ഗുരുവായൂർ റോഡിൽനിന്നുവന്ന കാർ കോഴിക്കോട് റോഡിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.