കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊന്ന് യൂട്യൂബർ; മൃതദേഹം അഴുക്കുചാലിൽ തള്ളി
text_fieldsഅറസ്റ്റിലായ പ്രതികൾ
ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ശ്വാസംമുട്ടിച്ചു കൊന്ന് യൂട്യൂബറായ യുവതി. 32കാരിയായ രവീണയും കാമുകന്‍ സുരേഷും ഭർത്താവ് പ്രവീണിനെ (35) ഷോൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. മാർച്ച് 25ന് രാത്രിയിലായിരുന്നു ക്രൂരകൃത്യം. രവീണയെയും സുരേഷിനെയും പ്രവീൺ ഒരുമിച്ചു കണ്ടതോടെ വഴക്കുണ്ടാവുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ രവീണ ഇൻസ്റ്റഗ്രാമിലൂടെയാണ് സുരേഷിനെ പരിചയപ്പെട്ടത്. വീട്ടുകാരുടെയോ ഭർത്താവിന്റെയോ എതിർപ്പുകൾ വകവെക്കാതെ കഴിഞ്ഞ ഒന്നരവർഷമായി ഇവർ രണ്ടുപേരും ഒരുമിച്ച് വിഡിയോകൾ ചെയ്യാറുണ്ടായിരുന്നു. രവീണക്ക് 34,000ത്തോളം ഫോളോവേഴ്സുണ്ട്. കൊലപാതകത്തിനു പിന്നാലെ സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകം നടന്ന രാത്രി തന്നെ പ്രവീണിന്റെ മൃതദേഹം ഇരുവരും ബൈക്കിൽ കയറ്റി ആറ് കിലോമീറ്റര്‍ അകലെയുള്ള അഴുക്കുചാലിൽ തള്ളി. മാർച്ച് 28ന് സദർ പൊലീസ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളാണു പ്രതികളെ കണ്ടെത്താൻ തുമ്പായത്. രവീണക്കും പ്രവീണിനും ആറു വയസ്സുള്ള ഒരു മകനുണ്ട്. മുത്തച്ഛന്റെ കൂടെയാണ് കുട്ടി ഇപ്പോൾ കഴിയുന്നത്. കേസിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.