ആറ് വയസ്സുകാരനെ പീഡിപ്പിച്ച സ്കൂൾ ബസ് ജീവനക്കാരന് 10 വർഷം കഠിന തടവ്
text_fieldsകൊച്ചി: ആറ് വയസ്സുകാരനെ പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവ്. സ്കൂൾ ബസ് ജീവനക്കാരനായ ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടിൽ കെ.എസ്.സുരേഷിനെയാണ് (50) എറണാകുളം അഡീഷനൽ സെഷൻസ് (സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി കെ.സോമൻ ശിക്ഷിച്ചത്.
തടവ് ശിക്ഷക്ക് പുറമെ ഒരു ലക്ഷം രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. ഏഴ് വകുപ്പുകളിലായി 50 വർഷം തടവാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 10 വർഷം മാത്രം അനുഭവിച്ചാൽ മതി. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് സി.ഐ രാജേഷ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.

