ബസിൽ യുവതിയെ ശല്യംചെയ്ത ആളെ യാത്രക്കാർ പിടികൂടി
text_fieldsതൃശൂർ: ഇരിങ്ങാലക്കുട-തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന ബസിൽ തൃശൂരിലേക്ക് യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്ത ആളെ മറ്റുയാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടി നെടുപുഴ പൊലീസിന് കൈമാറി. തൊട്ടിപ്പാൾ പുളിക്കൽ ഷാജിയാണ് (49) പിടിയിലായത്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. നെടുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ ഡെന്നി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. ഇരിങ്ങാലക്കുടയിൽനിന്ന് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വരുകയായിരുന്നു യുവതി. ഇവർ ഇരുന്ന സീറ്റിന്‍റെ പിന്നിലെ സീറ്റിലാണ് പ്രതി ഇരുന്നത്. വലിയാലുക്കലിൽ എത്തിയപ്പോൾ യുവതിയെ ശല്യപ്പെടുത്തി. യുവതി ബഹളം വെച്ചതോടെ ബസിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടി സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. ഇറങ്ങിയോടാൻ ശ്രമിക്കവെ പ്രതിക്ക് ബസിന്‍റെ കമ്പിയിൽ തട്ടി പരിക്കേറ്റു.