
പെൺകുഞ്ഞിന് ജന്മം നൽകിയതിന് ബന്ധുക്കളുടെ പീഡനം; പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു
text_fieldsമുംബൈ: പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭർതൃവീട്ടിൽനിന്ന് നിരന്തരം പീഡനം ഏറ്റുവാങ്ങിയതിനെ തുടർന്ന് മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു. മുംബൈയിലെ കാലചൗക്കി പ്രദേശത്താണ് സംഭവം.
കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്നായിരുന്നു പൊലീസിന്‍റെ അേന്വഷണം. തന്നെ മയക്കികിടത്തി ഒരു സ്ത്രീ കുഞ്ഞുമായി കടന്നുകളഞ്ഞുവെന്നായിരുന്നു യുവതിയുടെ പരാതി. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മാതാവ് വിവരിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയാറാക്കുകയും ചെയ്തു. കുഞ്ഞിനെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
എന്നാൽ, യുവതിയെ പൊലീസ് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്‍റെ ചുരുളഴിയുകയായിരുന്നു. 2011ലായിരുന്നു യുവതിയുടെ വിവാഹം. 2013ൽ ഇവർക്കൊരു പെൺകുഞ്ഞ് പിറന്നു.
യുവതി വീണ്ടും ഗർഭിണിയായി. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ഭർതൃമാതാപിതാക്കൾ അവളെ ദുർമന്ത്രവാദത്തിന് വിധേയമാക്കുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇത്തരത്തിൽ മൂന്നുതവണ യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയമാക്കി.
എന്നാൽ ഒരു വർഷം മുമ്പ് യുവതി വീണ്ടും ഗർഭം ധരിക്കുകയും കുഞ്ഞിനെ പ്രസവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ആഗസ്റ്റിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെ ഭർതൃമാതാപിതാക്കൾ യുവതിക്ക് വിലക്ക് ഏർപ്പെടുത്തി. തുടർന്ന് സ്വന്തം വീട്ടുകാർക്കൊപ്പമായിരുന്നു യുവതിയുടെ താമസമെന്നും പൊലീസ് പറഞ്ഞു.