‘അവനെ തൂക്കിലേറ്റുക, ഭാര്യയെ നിരന്തരം ഉപദ്രവിച്ചവനാണ്’; ഡോക്ടറുടെ കൊലപാതകത്തിൽ അറസ്റ്റിലായയാൾക്കെതിരെ ഭാര്യാമാതാവ്
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിലെ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഞ്ജയ് റോയിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയുടെ മാതാവ്. അവന്റെ ഭാര്യയായിരുന്നപ്പോൾ തന്റെ മകളെ നിരന്തരം മർദിച്ചിരുന്നതായും മൂന്ന് മാസമായപ്പോൾ ഗർഭം അലസിപ്പിച്ചതായും ആരോപിച്ച അവർ, അവനെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ടു. കേസിൽ അന്വേഷണവും പ്രതിഷേധവും തുടരുന്നതിനിടെ വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. എന്നാൽ, സഞ്ജയ് റോയ് തനിച്ചായിരിക്കില്ല ഇത് ചെയ്തതെന്നും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
‘ആദ്യ ആറുമാസം വലിയ കുഴപ്പമില്ലായിരുന്നു. മകൾ മൂന്ന് മാസം ഗർഭിണിയായപ്പോൾ അവൻ അലസിപ്പിച്ചു. മകളെ മർദിച്ചപ്പോൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. നിരന്തര മർദനത്തെ തുടർന്ന് മകൾ രോഗിയായി. അവളുടെ ചികിത്സക്ക് വേണ്ട എല്ലാ ചെലവുകളും ഞാനാണ് വഹിച്ചത്. അവൻ നല്ലവനല്ല. അവനെ തൂക്കിലേറ്റുകയോ വേണ്ട രീതിയിൽ ശിക്ഷിക്കുകയോ ചെയ്യുക. കുറ്റകൃത്യത്തെ കുറിച്ച് ഞാൻ സംസാരിക്കുന്നില്ല. അവന് ഒറ്റക്ക് അത് ചെയ്യാനാവില്ല’ -അവർ പറഞ്ഞു.
തിങ്കളാഴ്ചയാണ് സഞ്ജയ് റോയിയെ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. തനിച്ചാണോ കുറ്റം ചെയ്തതെന്ന കാര്യം ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. സഞ്ജയ് റോയിയെ നുണ പരിശോധനക്ക് വിധേയനാക്കാൻ അന്വേഷണ സംഘത്തിന് കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് പത്തിനാണ് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി വിദ്യാർഥിനിയായ ഡോക്ടറെ ക്രൂരമായി കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയത്. ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് കൊൽക്കത്ത ഹൈകോടതി സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

