പകുതിവില തട്ടിപ്പ്; തൃശൂര്‍ സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
text_fieldsഅനന്തുകൃഷ്ണൻ
തൃശൂര്‍: പകുതിവിലക്ക് ഇരുചക്രവാഹനം, തയ്യല്മെഷീന്, ഗൃഹോപകരണങ്ങള്‍, വിദ്യാർഥികള്‍ക്ക് ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ തൃശൂര്‍ സിറ്റിയില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രണ്ടും എരുമപ്പെട്ടി, ഈസ്റ്റ് പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായി ഓരോ കേസ് വീതവുമാണ് രജിസ്റ്റര്‍ ചെയ്തത്. നാലു കേസുകളിലും പകുതി വിലക്ക് ടൂവീലര്‍ നല്‍കാമെന്ന് വാഗ്ദാനത്തിലാണ് തട്ടിപ്പ് നടന്നത്.
വടക്കാഞ്ചേരിയില്‍ മുള്ളൂര്‍ക്കര സ്വദേശിനിക്ക് 59,000 രൂപയും കൂട്ടുകാരിക്ക് 60,000 രൂപയുമായി 2024 ആഗസ്റ്റില്‍ 1,19,000 രൂപയാണ് നഷ്ടമായത്. മറ്റൊരു കേസില്‍ വടക്കാഞ്ചേരി സ്വദേശിനിക്ക് 2024 സെപ്റ്റംബര്‍ മാസത്തില്‍ 60,000 രൂപയാണ് നഷ്ടമായത്. ഇടുക്കി കൊല്ലാറ സ്വദേശിയായ ചൂരക്കുളങ്ങരവീട്ടില് അനന്തകൃഷ്ണന് (47) എന്നയാള്‍ക്കെതിരെയാണ് വടക്കാഞ്ചേരിയില്‍ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തത്.
എരുമപെട്ടി പൊലീസ് സ്റ്റേഷന് പരിധിയില്‍ കരിയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 2024 ആഗസ്റ്റിൽ 60,000 രൂപ തട്ടിപ്പ് നടത്തിയതിലും അനന്തകൃഷ്ണന് പ്രതിയാണ്. ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയിലെ കൂര്‍ക്കഞ്ചേരി സ്വദേശിനിയില്‍നിന്ന് 2024 ജൂലൈയില്‍ 62,000 രൂപ തട്ടിപ്പ് നടത്തിയതില്‍ അനന്തകൃഷ്ണന്, ഡോ. മധു, സി.ജെ. മേരി എന്നിവര്‍ക്കെതിരെയാണ് കേസ്. എറണാകുളം നോര്‍ത്ത് പറവൂരില്‍ പ്രവര്‍ത്തിക്കുന്ന ജനസേവ സമിതി ട്രസ്റ്റിന്റെ പരസ്യം നല്കി വിശ്വസിപ്പിച്ചാണ് ഈ കേസില്‍ പരാതിക്കാരിയെ തട്ടിപ്പിന് ഇരയാക്കിയത്.
കാഞ്ഞാണിയിൽ വലയിലായത് നിരവധി വിദ്യാർഥിനികൾ
കാഞ്ഞാണി: വിദ്യാർഥിനികൾക്ക് പകുതിവിലക്ക് ലാപ്ടോപ് നൽകാമെന്ന് പറഞ്ഞ് കാഞ്ഞാണിയിലും വൻതട്ടിപ്പ്. അപേക്ഷ നൽകി പണം വാങ്ങിയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് കാഞ്ഞാണി സിംല ഹാളിലാണ് ലാപ്ടോപ് ബുക്കിങ് കാമ്പയിൻ നടത്തിയത്.
രജിസ്ട്രേഷൻ ഫീസായി ക്യാമ്പിൽ എത്തിയ ഓരോ വിദ്യാർഥിനികളിൽനിന്നും 180 രൂപയും വാങ്ങിയിരുന്നു. വനിതകളുടെ പേരിലാണ് അപേക്ഷിക്കേണ്ടതെന്നും അറിയിപ്പുണ്ടായിരുന്നു. പകുതി വിലക്ക് ലാപ്ടോപ് നൽകുമെന്ന അറിയിപ്പ് വന്നതോടെ നിരവധി പേരാണ് ക്യാമ്പിലെത്തിയത്.
വിവിധ സ്ഥലങ്ങളിൽ അനന്തുകൃഷ്ണന്റേയും ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണന്റേയും പ്രാദേശിക ബി.ജെ.പി നേതാക്കളുടേയും ഫോട്ടോ പതിച്ച കൂറ്റൻ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചാണ് ക്യാമ്പ് നടത്തിയത്. ബോർഡുകൾ ഇപ്പോഴും നീക്കിയിട്ടില്ല. പെൺകുട്ടികൾക്ക് പിന്നാലെ സ്ത്രീകൾക്കും പകുതി വിലക്ക് വീട്ടുപകരണങ്ങളും സ്കൂട്ടറും ലാപ്ടോപും നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തിൽ അന്തിക്കാട്ടും പരാതിക്കാർ വന്നിരുന്നു.
സി.പി.എം നേതാവും മുൻ മണലൂർ പഞ്ചായത്ത് പ്രസിഡന്റുമായ വിജി ശശി, മുൻ ജില്ല പഞ്ചായത്ത് അംഗം സി.പി.എമ്മിലെ അഡ്വ. അനിത ബാബുരാജ്, തട്ടിപ്പ് കമ്പനിയിലെ സൂത്രധാരനും മാനേജിങ് ഡയറക്ടറുമായ അനന്തു കൃഷ്ണൻ എന്നിവർക്കെതിരെ അന്തിക്കാട് പൊലീസിൽ പരാതി ലഭിച്ചിരുന്നു. പെരിങ്ങോട്ടുകരയിലെ സൊഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ ഡെവലപ്മെന്റ് (സീഡ്) സൊസൈറ്റിയുടെ പേരിലായിരുന്നു തട്ടിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

