നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം; അട്ടക്കുളങ്ങരയിൽ ആളുകൾ നോക്കിനിൽക്കെ യുവാവിനെ വെട്ടി
text_fieldsസംഘത്തിലുൾപ്പെട്ട ആറ്റുകാൽ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു
തിരുവനന്തപുരം: ഗുണ്ടകളെയും അക്രമികളെയും അമർച്ചചെയ്യുന്നെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം അട്ടക്കുളങ്ങര ജങ്ഷനിലാണ് ബൈക്കിലെത്തിയ നാലുപേർ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചത്. ആളുകളുടെ കൺമുന്നിൽ വെച്ചാണ് മാരകമായി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ പൂജപ്പുര റോട്ടറി സ്വദേശി മുഹമ്മദലിയെ (28) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും ദേഹത്തുമാണ് വെട്ടേറ്റത്. സംഘത്തിലുൾപ്പെട്ട ആറ്റുകാൽ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. അട്ടക്കുളങ്ങര ജങ്ഷനിൽനിന്ന് കോട്ടക്കകത്തേക്ക് പോകുന്ന ഭാഗത്തേക്ക് യുവാവിനെ മാറ്റിനിർത്തിയാണ് വെട്ടിയത്. വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം.
സമീപത്തെ കടയിൽനിന്ന് ജ്യൂസ് കുടിക്കാൻ എത്തിയതായിരുന്നു മുഹമ്മദലി. ഇദ്ദേഹത്തെ ബൈക്കിലെത്തിയവർ വിളിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് വെട്ടുകയായിരുന്നു. നിലവിളി കേട്ട് പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സ്ഥലത്തെ ജ്യൂസ് കടകളുടെയും ഒരു ഹോട്ടലിന്റെയും സി.സി ടി.വി ക്യാമറകൾ പൊലീസ് പരിശോധിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ അടുത്തിടെ നടന്ന ഗുണ്ടാ ആക്രമണങ്ങളിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
രണ്ടുമാസത്തിനിടെ ഫോർട്ട് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ ഗുണ്ടാ ആക്രമണമാണിത്. ഫോർട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
