സന്ദീപ് വധം: പ്രതികളുടെ വാഹനത്തിൽ തോക്ക്, വെടിമരുന്ന്, വെടിയുണ്ടകൾ, വാൾ അടക്കമുള്ള ആയുധങ്ങൾ; പിടിയിലായത് കാമുകിയുടെ ബന്ധുക്കൾ
text_fieldsകൊലപാതകക്കേസിൽ പിടിയിലായ കൃഷ്ണൻകുട്ടി, സുരേഷ് കുമാർ, ഗോപി. ഉൾച്ചിത്രത്തിൽ കൊല്ലപ്പെട്ട സന്ദീപ്
പത്തനംതിട്ട: ചിറ്റാറിൽ സന്ദീപി(36)നെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് കാമുകിയുടെ ബന്ധുക്കൾ അടക്കമുള്ളവർ. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽനിന്ന് നാടൻ തോക്ക്, വെടിമരുന്ന്, വെടിയുണ്ടകൾ, വാൾ തുടങ്ങിയ ആയുധങ്ങൾ പൊലീസ് പിടികൂടി.
ചിറ്റാർ കൊടുമുടി പതാലിൽ സദാനന്ദന്‍റെ മകൻ സന്ദീപിനെയാണ് കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപമുള്ള കുഴിയിൽ മർദനമേറ്റ് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. യുവതിയെ പ്രണയിച്ചതിന്റെ പേരിലാണ് കൊലപാതകം എന്ന് പിതാവ് സദാനന്ദൻ ആരോപിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങറ കടപുഴ ദേവിവിലാസം വീട്ടിൽ സുരേഷ് കുമാർ (58), പെരുനാട് അട്ടത്തോട് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (55), അട്ടത്തോട് മൂഴിക്കൽ വീട്ടിൽ ഗോപി (60) എന്നിവരാണ് അറസ്റ്റിലായത്. സന്ദീപിന്റെ പ്രണയിനിയുടെ ബന്ധുക്കളാണ് ഇവരിൽ രണ്ട് പേർ.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ സന്ദീപിനെ വീടിനോട് ചേർന്ന റബ്ബർ തോട്ടത്തിലെ കുഴിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പുറത്തെത്തിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സന്ദീപിന്‍റെ ബന്ധുക്കളുടെ സംശയത്തെ തുടർന്ന് ചെങ്ങറയിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണം എന്ന് വ്യക്തമായതോടെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ആയുധം കൈവശം വെച്ചതിനടക്കമുളള കുറ്റം ചുമത്തിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
മകന്റെ ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി മരിച്ച സന്ദീപിന്റെ പിതാവ് സദാനന്ദൻ പറഞ്ഞു. വെള്ളം പോലും കുടിക്കാൻ കഴിയാത്ത നിലയിലാണ് മകനെ കണ്ടെത്തിയതെന്നും യുവതിയുടെ ബന്ധുക്കൾ നേരത്തെ സന്ദീപിനെ മർദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ദേഹത്ത് പാടുകളൊക്കെ ഉണ്ടായിരുന്നു. നെറ്റിക്കും നെഞ്ചത്തുമൊക്കെ പാടുണ്ട്. അതാ സംശയത്തിന് കാരണം. ഇരുമ്പുവടി കൊണ്ട് മർദിച്ചതാണോ എന്ന് സംശയമുണ്ട്. മോൻ ഒന്നും പറഞ്ഞിട്ടില്ല. വെള്ളം ഇറക്കാൻ തന്നെ കഴിയാത്ത അവസ്ഥയിലായിരുന്നു അവൻ. ദേഹത്ത് മുറിവില്ല, പക്ഷേ, നെറ്റിക്കും വയറിലും ഒക്കെ മുഴച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് സംശയം. സ്നേഹിച്ച ആ പെണ്ണിന്റെ അച്ഛൻ ആദ്യമേ അവനെ അടിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ഒരു പ്രാവശ്യം അതിന് കേസ് എടുത്തിരുന്നു. കൊലപാതകത്തിന് പ്രതികളെ അറസ്റ്റ് ചെയ്യണം. നിയമ നടപടി സ്വീകരിക്കണം’ -സദാനന്ദൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

