ഛത്രപതി സംഭാജിയെ ഔറംഗസേബ് ശാസിക്കുന്ന രംഗം ഇഷ്ടപ്പെട്ടില്ല; തിയേറ്റർ സ്‌ക്രീൻ തകർത്ത യുവാവ് അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: വിക്കി കൗശലിന്റെ പുതിയ ചിത്രമായ ഛാവയുടെ പ്രദർശനത്തിനിടെ ഗുജറാത്തിലെ ബറൂച്ചിൽ തിയേറ്റർ സ്ക്രീൻ തകർത്തയാൾ അറസ്റ്റിൽ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയിൽ പ്രതി തിയേറ്റർ സ്‌ക്രീൻ വലിച്ച്കീറുന്നത് കാണാം.
ഞായറാഴ്ച രാത്രി ആർ.കെ. സിനിമാസിൽ അവസാന ഷോ പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം. പ്രതിയായ ജയേഷ് വാസവ മദ്യപിച്ചിരുന്നു. ഛത്രപതി സംഭാജി മഹാരാജിനെ ഔറംഗസേബ് ശാസിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന രംഗം സ്‌ക്രീനിൽ വന്നപ്പോളാണ് ഇയാൾ പ്രകോപിതനായി സ്‌ക്രീൻ തകർത്തത്.
വേദിയിലേക്ക് കയറി ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് സ്ക്രീനിന് കേടുപാടുകൾ വരുത്തി. തുടർന്ന് കൈകൾ കൊണ്ട് വലിച്ചുകീറുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ചേർന്ന് ഇയാളെ വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച വനിത ജീവനക്കാരിയെയും ഇയാൾ അധിക്ഷേപിച്ചു. സംഭവത്തിൽ ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഷെഡ്യൂൾ ചെയ്തിരുന്ന നിരവധി ഷോകൾ റദ്ദാക്കേണ്ടി വന്നതായും തിയേറ്റർ അധികൃതർ അറിയിച്ചു.
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ചിത്രമാണ് ഛാവ. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലയുടെ വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.
അതേസമയം, നാഗ്പൂരിലെ തിയേറ്ററിൽ കുതിരപ്പുറത്ത് 'ഛാവ' കാണാൻ എത്തിയ വ്യക്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സ്ക്രീനിനു മുന്നിൽ കുതിരപ്പുറത്ത് ഇരിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. തിയേറ്ററിനുള്ളിൽ ഭഷണപദാർഥങ്ങൾക്ക് പോലും അനുമതിയില്ലാത്തപ്പോൾ കുതിരക്ക് എങ്ങനെ അനുവാദം ലഭിച്ചു എന്ന നിരവധി കാഴ്ചക്കാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തിയേറ്ററിനുള്ളിലെ കുതിര സിനിമയുടെ മാർക്കറ്റിങ് തന്ത്രമാണെന്ന അഭിപ്രായ പ്രകടനങ്ങളും കാഴ്ചക്കാർ നടത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.