ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകം: അമ്മൂമ്മ അറസ്റ്റിൽ
text_fieldsറോസി
കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസി (63) യെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
കറുകുറ്റി കോരമന ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ ആറുമാസം പ്രായമായ ഡൽന മറിയം സാറയെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയത്. അഞ്ചാം തീയതി രാവിലെ ഒമ്പതോടെയാണ് സംഭവം. കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റോസിക്ക് കഞ്ഞിയെടുക്കാൻ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് കൊലപാതകം. റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുമ്പേ കരുതി വച്ചിരുന്നു.
കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ കെ. പ്രദീപ്കുമാർ, ബിജീഷ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഡാനിയക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
അങ്കമാലി: അമ്മുമ്മയുടെ കരങ്ങളാൽ കഴുത്തറ്റ് ജീവൻ പൊലിഞ്ഞ കൈക്കുഞ്ഞ് ഡെൽന മരിയ സാറക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ബുധനാഴ്ച രാവിലെ അങ്കമാലി കറുകുറ്റിയിൽ അമ്മൂമ്മയോടൊപ്പം ഉറക്കി കിടത്തിയ ആന്‍റണി-റീത്തു ദമ്പതികളുടെ ആറ് മാസം പ്രായമുള്ള പെൺ കുഞ്ഞിനെ മാനസിക വിഭ്രാന്തിയുള്ള റീത്തുവിന്‍റെ അമ്മ റോസിയാണ് കത്തി ഉപയോഗിച്ച് അതിദാരുണമായി കൊലപ്പെടുത്തിയത്.
ഡെൽനയുടെ മൃതദേഹത്തിൽ ആന്‍റണിയും റീത്തുവും ഡാനിയേലും അന്ത്യോപചാരം അർപ്പിക്കുന്നു
ചോര വാർന്നൊഴുകി കഴുത്ത് അറ്റുപോകാറായ നിലയിൽ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ പൊലിഞ്ഞിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ കറുകുറ്റി എടക്കുന്ന് കരിപ്പാലയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ഉറ്റവരും, ഉടയവരും അടക്കം നിരവധി ആളുകളാണെത്തിയത്. മൃതദേഹം വീട്ടുമുറ്റത്ത് പൊതു ദർശനത്തിന് വച്ചതോടെ ഏവരും വിങ്ങിപ്പൊട്ടി. ലാളിച്ച് കൊതി തീരാത്ത പൊന്നോമനയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്കു കാണാൻ ചങ്ക് പിളർന്ന മനസ്സോടെയാണ് ആന്‍റിണിയും റീത്തുവും അംഗൻവാടി വിദ്യാർഥിയായ സഹോദരൻ ഡാനിയേലു മെത്തിയത്. അത് കണ്ട് നിന്നവരേയും കണ്ണീർ കടലാക്കി.
വയോധികനായ റീത്തുവിന്‍റെ പിതാവ് ദേവസിക്കുട്ടിയും നൊമ്പരം കടിച്ചിറക്കി തകർന്ന മനസ്സോടെയാണ് പേരക്കിടാവിനെ അവസാന നോക്ക് കാണാനെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം കാണാൻ കെൽപ്പില്ലാതെ സ്ത്രീകൾ അടക്കം പലരും സ്ഥലത്ത് നിന്ന് മാറി നിന്ന് കണ്ണീർ പൊഴിക്കുകയായിരുന്നു. മൃതദേഹം വൈകീട്ട് നാലോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് എടക്കുന്ന് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

