ആളില്ലാത്ത വീട്ടിൽ വൻ മോഷണം; 17 പവൻ നഷ്ടപ്പെട്ടു
text_fieldsകടുത്തുരുത്തി: ആളില്ലാത്ത വീട്ടിൽ വൻ മോഷണം. 17 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ആപ്പാഞ്ചിറ വേലംപറമ്പിൽ സാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. സാജുവിന്‍റെ സർജറിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച മുതൽ വീട്ടുകാർ ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് വീട്ടുകാർ എത്തിയത്.
വെള്ളിയാഴ്ച രാവിലെ അലമാര തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. വാതിലിന്റെ പൂട്ടോ അലമാരയോ ഒന്നും കുത്തിപ്പൊളിച്ചിരുന്നില്ല. അതിനാലാണ് വീട്ടുകാർ മോഷണ വിവരം അറിയാതിരുന്നത്.
ബെഡ് റൂമിലെ മേശപ്പുറത്തിരുന്ന താക്കോൽ എടുത്താണ് അലമാര തുറന്നത് എന്ന് സംശയിക്കുന്നു. വീടിന്റെ അടുക്കള ഭാഗത്തേക്കുള്ള സി.സി ടി.വി കാമറ നശിപ്പിച്ചിട്ടുണ്ട്. സാജുവിന്റെ വീടിന്റെ പിൻവശത്ത് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുണ്ട്. ഇവരെ പൊലീസ് ചോദ്യംചെയ്തു വരുന്നു. വൈക്കം എ.എസ്.പി നഗുല്‍ രാജേന്ദ്ര ദേശ്മുഖ്, കടുത്തുരുത്തി എസ്.എച്ച്.ഒ നിർമല്‍ ബോസ്, കോട്ടയത്തുനിന്ന് വിരലടയാള വിദഗ്ധർ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.