ഹൈദരാബാദ്: തമിഴ്നാട്ടിൽ 15ഓളം വിദ്യാർഥികളെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയ അധ്യാപകൻ അറസ്റ്റിൽ. രാമനാഥപുരം ജില്ലയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം.
സ്കൂളിൽ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിക്കിടെ 15ഓളം വിദ്യാർഥികൾ രണ്ട് അധ്യാപകർക്കെതിരെ പരാതി പറയുകയായിരുന്നു. സ്കൂളിലെ ഗണിത അധ്യാപകനും സാമൂഹ്യ ശാസ്ത്ര അധ്യാപകനുമാണ് മോശമായി പെരുമാറിയതെന്ന് ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു.
ഇരുവരും കുട്ടികളോട് ക്ലാസ്മുറിയിൽ വെച്ചുതന്നെ ദ്വായാർഥത്തിൽ സംസാരിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചിലപ്പോൾ മണിക്കൂറുകളോളം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നതായും പരാതിയിൽ പറയുന്നു.
വിദ്യാർഥികളുടെ പരാതിയിൽ സാമൂഹിക ശാസ്ത്ര അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.