കർണാടകയിൽ നടുറോഡിൽ നാലംഗസംഘം സർക്കാർ ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവിനെ കൊന്നതും അതേ സംഘം
text_fieldsബംഗളൂരു: ഓഫിസിലേക്കു പോവുന്നതിനിടെ നടുറോഡിൽ നാലംഗസംഘം വെട്ടിപ്പരിക്കേൽപിച്ച സർക്കാർ ഉദ്യോഗസ്ഥ മരിച്ചു. കലബുറഗി ജില്ലയിലെ ഷഹാബാദ് മുനിസിപ്പൽ മുൻ അധ്യക്ഷയും സാമൂഹികക്ഷേമ വകുപ്പിലെ രണ്ടാം ക്ലാസ് അസിസ്റ്റന്റുമായ അഞ്ജലി ഗിരീഷ് (38) ആണ് മരിച്ചത്.
ഭർത്താവ് ഗിരീഷ് കമ്പനൂരിനെ മൂന്നുവർഷം മുമ്പും സഹോദരൻ സതീഷ് കമ്പനൂരിനെ അഞ്ചുവർഷം മുമ്പും ഇത്തരത്തിൽ ആക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തോടെ ഗ്രീൻസിറ്റിക്കു സമീപമാണ് സംഭവം നടന്നത്. കാറിൽ യദ്ഗിറിലെ ഓഫിസിലേക്ക് പോവുന്നതിനിടെ മാരകായുധങ്ങളുമായെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഡ്രൈവറാണ് കാറോടിച്ചിരുന്നത്.
ഗുരുതര പരിക്കേറ്റ ഇവരെ ഡ്രൈവർ യദ്ഗിറിലെ ആശുപത്രിയിലും തുടർന്ന് കലബുറഗിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഗിരീഷിനെയും സതീഷിനെയും കൊലപ്പെടുത്തിയ സംഘംതന്നെയാണ് അഞ്ജലിയുടെ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് നിഗമനം.
മുൻ വൈരാഗ്യമോ രാഷ്ട്രീയ വിഷയങ്ങളോ കൊലപാതകത്തിനു പിന്നിലുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് യദ്ഗിർ എസ്.പി പ്രുത്വിക് ശങ്കർ പറഞ്ഞു. അന്തരിച്ച മുൻ തൊഴിൽ മന്ത്രി സി. ഗുരുനാഥിന്റെ ബന്ധുവാണ് അഞ്ജലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

