തിരുവനന്തപുരത്ത് വീണ്ടും വീടുകയറി ആക്രമണം; ഗൃഹനാഥന് വെട്ടേറ്റു
text_fieldsവെട്ടേറ്റ സുനിൽ ആശുപത്രിയിൽ
തിരുവനന്തപുരം: പോത്തൻകോട് യുവാവിനെ ഗുണ്ടാസംഘം പട്ടാപ്പകൽ വെട്ടിക്കൊന്ന് കാൽ മുറിച്ചെടുത്ത് റോട്ടിലെറിഞ്ഞ സംഭവത്തിന്‍റെ നടുക്കം മാറുംമുമ്പേ വീണ്ടും വീടുകയറി ആക്രമണം. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി സുനിലിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഇന്നലെ രാത്രി നാലുപേർ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ സുനില്‍ കുമാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രഞ്ജിത്ത്, അഭിലാഷ്, ദീപക്, ശ്രീരാജ് എന്നിവര്‍ ആക്രമിച്ചുവെന്നാണ് സുനില്‍ കുമാറിന്‍റെ മൊഴി. ശ്രീരാജിനും പരിക്കേറ്റു. നെയ്യാറ്റിന്‍കരയിലെ മരണ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കമാണ് വീടുകയറിയുള്ള അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ദിവസമാണ് പോത്തൻകോട് ചെമ്പകമംഗലം സ്വദേശി സുധീഷിനെ കല്ലൂരിലെ ബന്ധുവീട്ടിൽ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സുധീഷ് താമസിക്കുന്ന കേന്ദ്രത്തിലേക്ക് അക്രമികൾ ഓട്ടോയിലും ബൈക്കുകളിലും മാരകായുധങ്ങളുമായി ഒന്നിച്ചെത്തുകയായിരുന്നു. 11 അംഗ സംഘം വീടിന് 500 മീറ്റർ മാറി വാഹനങ്ങൾ ഒതുക്കിയശേഷം ഒരുമിച്ച് സുധീഷ് ഉള്ള സ്ഥലം ലക്ഷ്യമാക്കി നടവഴിലൂടെ നീങ്ങി. സുധീഷ് ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീടിന് 300 മീറ്റർ അകലെ െവച്ച് സംഘം നാലായി തിരിയുകയും രക്ഷപ്പെട്ട് പോകാതിരിക്കാൻ നാലിടങ്ങളിൽ ഓരോ സംഘവും നിലയുറപ്പിക്കുകയും ചെയ്തു. ശേഷമാണ് നാടൻ ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സ്ഫോടന ശബ്ദം കേട്ടതോടെ സമീപത്തെ പറമ്പിൽ ഇരുന്നിരുന്ന സുധീഷ് രക്ഷപ്പെടുന്നതിനിടെ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന അക്രമി സംഘം സുധീഷിന് നേരെ പാഞ്ഞടുത്തു. ആയുധങ്ങളുമായി സുധീഷിനെ തിരഞ്ഞെത്തിയ സംഘം സമീപവാസികളെ ആയുധം കാട്ടി കൊലവിളി നടത്തി ഓരോ വീടും പരിശോധിച്ച ശേഷമാണ് സുധീഷ് ഓടിക്കയറിയ വീട് കണ്ടെത്തുകയും വാതിൽ തകർത്ത് ഉള്ളിൽക്കടന്ന് വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊന്നത്.
ഇരുകാലിലും കൈകളിലും നിരവധി വെട്ടുകളുണ്ട്. അക്രമണത്തിനിടെ വേർപെട്ട ഇടതുകാലുമായി മടങ്ങിയ സംഘം 500 മീറ്റർ അകലെ ജങ്ഷനിൽ എത്തി വലിച്ചെറിയുകയായിരുന്നു. അറസ്റ്റിലായ രഞ്ജിത്ത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. സംഭവത്തിന് ശേഷം ഓട്ടോയുമായി വഞ്ചിയൂരിലെ ഭാര്യവീട്ടിലെത്തിയ ഇയാളെ ഓട്ടോയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് പ്രത്യേക ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഓട്ടോയുടെ പിറകിൽ രഞ്ജിത്തിൻെറ മൊബൈൽ നമ്പർ എഴുതിയിരുന്നത് സി.സി ടി.വി കാമറയിൽ നിന്നും െപാലീസ് ശേഖരിച്ചു. ഈ മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണമാണ് രഞ്ജിത്തിനെ കുടുക്കിയത്.