ഇടിമുട്ടിയുടെ രൂപത്തിലും സ്വർണക്കടത്ത്
text_fieldsകരിപ്പൂരിൽ എയർ കാർഗോ കസ്റ്റംസ് പിടിച്ച ഇടിമുട്ടി രൂപത്തിലെ സ്വർണം
കരിപ്പൂർ: ചെറിയ പാത്രങ്ങളിൽ മസാല പൊടിക്കാൻ ഉപയോഗിക്കുന്ന ഇടിമുട്ടിയുടെ രൂപത്തിലും കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്തിന് ശ്രമം. എയർ കാർഗോ കോംപ്ലക്സ് വഴി കടത്താൻ ശ്രമിച്ച 713.5 ഗ്രാം സ്വർണം എയർ കാർഗോ കസ്റ്റംസാണ് പിടിച്ചത്. പരപ്പനങ്ങാടി സ്വദേശി കബീർ (31) ദുബൈയിൽനിന്ന് ഇറക്കുമതി ചെയ്ത ബാഗേജിലുണ്ടായിരുന്ന സാധനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. ഇതിന് 36.32 ലക്ഷം രൂപ വില വരും. ബാഗേജ് എക്സ്റേ പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിലാണ് സ്വർണവും നിക്കലും സിങ്കും ചേർന്ന ലോഹസംയുക്തത്താൽ നിർമിച്ച ചെറിയ ഇടിമുട്ടി പിടികൂടിയത്.
പിടികൂടിയ 888.350 ഗ്രാം ലോഹസംയുക്തം വേർതിരിച്ചെടുത്തപ്പോൾ വിപണിയിൽ 36.32 ലക്ഷം രൂപ വിലയുള്ള 713.500 ഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.