Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവുമായി വിമാനമിറങ്ങി യുവതി; പിന്നാലെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, കരിപ്പൂരിൽ നാലുപേർ പിടിയിൽ

text_fields
bookmark_border
https://www.madhyamam.com/tags/gold-smuggling
cancel
camera_alt

അറസ്റ്റിലായ അഭിരാമി, ബബിലേഷ്, ഹര്‍ഷല്‍, സായന്ത്

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. സ്വർണം പൊട്ടിക്കൽ സംഘമാണ് യുവതിയെ ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് വിവരം.

സംഭവത്തിൽ യുവതിയെയും സ്വർണം സ്വീകരിക്കാനെത്തിയ ആളെയും സ്വർണം പൊട്ടിക്കൽ സംഘത്തിലെ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വിമാനത്താവള പരിസരത്ത് നടന്ന സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വിദേശത്തുനിന്ന് സ്വർണവുമായെത്തിയ ഇടുക്കി വണ്ടന്‍മേട് സ്വദേശി അഭിരാമി (27), സ്വർണം ഏറ്റുവാങ്ങാനെത്തിയ എറണാകുളം സ്വദേശി ഹര്‍ഷല്‍ (40), കവർച്ച സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരാണ് കരിപ്പൂരിൽ അറസ്റ്റിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ വിമാനത്താവളത്തിലെ ആഗമന ഭാഗത്ത് സംശയാസ്പദ രീതിയില്‍ ഒരു സംഘത്തെ കണ്ടെത്തിയ പൊലീസ് അവരെ നിരീക്ഷിച്ച് വരികയായിരുന്നു. ആഗമന ഗേറ്റ് വഴി പുറത്തേക്ക് വന്ന യാത്രക്കാരിയെ സംഘം ഉന്നം വെക്കുന്നത് കണ്ട പൊലീസ് അവരെ പിന്തുടർന്നു.

സ്വർണം ഏറ്റുവാങ്ങാനെത്തിയ ഹർഷലിന്റെ കൂടെ പാര്‍ക്കിങ് ഏരിയയിലേക്ക് പോയ യാത്രക്കാരിയെ അവിടെ വെച്ച് കവർച്ചസംഘം തടയുകയും അവരുടെ ട്രോളി ബാഗില്‍ പിടിമുറുക്കുകയും ചെയ്തു. ഇതു തടയാൻ ശ്രമിച്ച ഹർഷലുമായി കവർച്ചസംഘം ബലപ്രയോഗം നടത്തുന്നതുകണ്ട പൊലീസ് ഉടൻ അവരെ വളഞ്ഞു.

ഇതിനിടെ, പൊലീസിനെ ആ​ക്രമിച്ച സംഘം, ഹോംഗാര്‍ഡ് മുരളീകൃഷ്ണയുടെ കൈ കടിച്ച് മുറിച്ചു. ഇന്നോവയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ തടയാന്‍ ശ്രമിച്ച സ്പെഷല്‍ സ്ക്വാഡിലെ പൊലീസുകാരനെ കാറിടിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. സംഘത്തിലെ ഒരാൾ റോഡരികിലേക്ക് ചാടി രക്ഷപ്പെട്ടു.

പിടിയിലായ അഭിരാമിയെ എയ്ഡ് പോസ്റ്റില്‍ വെച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്തിന്റെ ചുരുളഴിഞ്ഞത്. ഇവരുടെ ബാഗേജിൽനിന്ന് എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച നിലയില്‍ 14 സ്വർണ പ്ലേറ്റുകള്‍ കണ്ടെടുത്തു.

817 ഗ്രാം വരുന്ന ഇതിന് 1.10 കോടിയിലധികം രൂപ വില വരും. സ്വർണം കടത്തിയതിന് അഭിരാമിക്ക് പ്രതിഫലമായി നല്‍കാന്‍ സൂക്ഷിച്ച 67000 രൂപ ഹർഷലിന്റെ പക്കൽനിന്നും കണ്ടെടുത്തു. യുവതി കടത്തിക്കൊണ്ടുവന്ന സ്വർണവും ഹർഷൽ ഉപയോഗിച്ച മാരുതി ആള്‍ട്ടോ കാറും തുടര്‍നടപടിക്കായി കസ്റ്റംസിന് കൈമാറും.

അഭിരാമിയുടെ കൈവശം സ്വർണം കൊടുത്തുവിട്ടത് താമരശ്ശേരി സ്വദേശി സ്വാലിഹ് ആണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. സ്വർണം തട്ടിയെടുക്കാന്‍ ഇന്നോവയിലും സ്വിഫ്റ്റ് കാറിലുമായി എത്തിയ പത്തോളം പേരാണ് യുവതിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതെന്നും വ്യക്തമായി. കവർച്ചസംഘത്തിൽപ്പെട്ടവർ ഇതിന് മുമ്പും ഇത്തരം നിരവധി കേസുകളിലെ പ്രതികളാണ്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story