കരിപ്പൂർ: പേനക്കുള്ളിലും സ്വർണക്കടത്ത്, മൂന്ന് പേരിൽനിന്ന് 1.3 കിലോ സ്വർണം പിടിച്ചു
text_fieldsപേനക്കുള്ളിൽനിന്ന് പിടിച്ച സ്വർണം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി പേനയുടെ റീഫില്ലിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച 70 ലക്ഷത്തിന്റെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസ് മൂന്ന് പേരിൽനിന്നായാണ് 1.3 കിലോ സ്വർണം പിടിച്ചത്. മലപ്പുറം കെ.പുരം വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാല് പേനകൾ വിശദമായി പരിശോധിച്ചപ്പോഴാണ് റീഫില്ലിനുള്ളിൽ സ്വർണറോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ചത് കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപയുടെ 42 ഗ്രാമുള്ള നാല് സ്വർണറോഡുകളാണ് കണ്ടെത്തിയത്.
കാഞ്ഞങ്ങാട് ബേലികോത്ത് ഷാനവാസിൽനിന്ന് (26) 1116 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. ഇയാൾ ധരിച്ചിരുന്ന പാന്റ്സിനും അടിവസ്ത്രത്തിനും കൂടുതൽ ഭാരം തോന്നിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇവ രണ്ടും സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെന്ന് വ്യക്തമായത്. ഇരുവരും ദുബൈയിൽനിന്നാണ് കരിപ്പൂരിലെത്തിയത്. ജിദ്ദയിൽനിന്നെത്തിയ കോഴിക്കോട് ശിവപുരം പറയരുകുന്നുമ്മേൽ അൻസിലിൽനിന്ന് (32) ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 795 ഗ്രാം സ്വർണമിശ്രിതം പിടികൂടി.
കണ്ണൂരിലും സ്വർണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയിലധികം രൂപയുടെ സ്വര്‍ണവുമായി കുമ്പള സ്വദേശി അമ്പേരി മുഹമ്മദിനെ കസ്റ്റംസ് പിടികൂടി. ദോഹയില്‍നിന്നെത്തിയ മുഹമ്മദിൽനിന്ന് കണ്ണൂര്‍ വിമാനത്താവള കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് 930 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളിക രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. പിടികൂടുമ്പോള്‍ 1100 ഗ്രാം സ്വര്‍ണമുണ്ടായിരുന്നെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 930 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 53,59,590 രൂപ വിലവരും.