വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയുടെ കുടുംബത്തിൽ നിന്ന് 30 ലക്ഷം തട്ടി; ആൾദൈവം അറസ്റ്റിൽ
text_fieldsതാനെ: ദുർമന്ത്രവാദത്തിലൂടെ ദുഷ്ടശക്തികളെ നിഗ്രഹിക്കുമെന്ന് വാഗ്ദാനം ചെയ്ത് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയുടെ കുടുംബത്തിൽ നിന്നും ആൾദൈവം 30 ലക്ഷം രൂപ തട്ടിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഡോംബിവിലിയിൽ നിന്ന് 28കാരനായ പവൻ പാട്ടീലിനെ താംനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരിയായ പ്രിയങ്ക റാണെയുടെ പിതാവ് കാൻസർ ബാധിതനായിരുന്നു. വിരമിച്ച സെയിൽസ് ടാക്സ് ഓഫീസറായിരുന്നു പ്രിയങ്കയുടെ മാതാവ്. പരാതിക്കാരിയുടെ പിതാവിന്റെ അസുഖത്തിന് പിന്നിൽ ദുഷ്ടശക്തികളാണെന്നായിരുന്നു പാട്ടീൽ പറഞ്ഞത്. പിന്നാലെ പ്രിയങ്കയുടെ ഭർത്താവിന് ജോലി നഷ്ടമായി. ജോലി തിരികെ ലഭിക്കാൻ സഹായിക്കാമെന്നും പാട്ടീൽ കുടുംബത്തെ വിശ്വസിപ്പിച്ചു.
ഭർത്താവിന് ജോലി തിരികെ ലഭിച്ചെങ്കിലും പ്രിയങ്കയുടെ പിതാവ് മരിച്ചു. കുടുംബത്തിന് നേരെ ചിലർ ദുർമന്ത്രവാദം നടത്തുന്നതുകൊണ്ടാണ് ഈ ഗതിയെന്നും തന്ത്രവിദ്യകളിലൂടെ താൻ ഇതിന് പരിഹാരം കാണാമെന്നും ആൾദൈവം അവരോട് പറഞ്ഞു.
വീട്ടുകാരുടെ വിശ്വാസം സമ്പാദിച്ച പ്രതി വിവിധ പൂജകൾ നടത്താനെന്ന വ്യാജേന പണം കൈക്കലാക്കുകയായിരുന്നു. നിരവധി ആചാരങ്ങളുടെയും പൂജയുടെയും പേരിൽ പ്രതി കുടുംബത്തിൽ നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്തു.