ഇടനിലക്കാരുടെ ചൂഷണത്തിൽ അടിപതറി ആട് കർഷകർ
text_fieldsകോട്ടയം: ഇടനിലക്കാരുടെ ചൂഷണത്തിൽ അടിപതറി ആട് കർഷകർ. തുച്ഛമായ തുക നൽകി കർഷകരിൽനിന്ന് വാങ്ങുന്ന ആടിനെ ഇടനിലക്കാർ അമിതലാഭത്തിനാണ് മറിച്ചുവിൽക്കുന്നത്. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഒരുകിലോ ആട്ടിറച്ചി 750 രൂപക്കാണ് വില്പന നടത്തുന്നത്. ഒരാടിന്‍റെ തൂക്കത്തിന്‍റെ 60 ശതമാനവും ഇറച്ചിയായി വില്പന നടത്താൻ സാധിക്കും. ഇത്തരം സാഹചര്യം ഉണ്ടായിട്ടും കർഷകരുടെ ആടുകൾക്ക് ഇടനിലക്കാർ വില നല്കുന്നില്ല. മുൻകാലങ്ങളിൽ ഉത്തരേന്ത്യൻ വിപണിയിൽനിന്ന് സംസ്ഥാനത്തേക്ക് വ്യാപകമായി ആടുകൾ എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ഇത്തരത്തിൽ ആടുകൾ എത്തുന്നത് പൂർണമായും നിലച്ചു. കോവിഡ് പ്രതിസന്ധിക്ക് മുമ്പുവരെ നാട്ടുപ്രദേശങ്ങളിൽ ചന്തകളിൽ ആടുകളെയും മറ്റും വിൽപന നടത്തിയിരുന്നു. നിലവിൽ ഇതുപോലുള്ള ചന്തകൾ പ്രവർത്തനരഹിതമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി ആനുകൂല്യങ്ങൾ ലഭിക്കുന്നതുമൂലം നിരവധി കർഷകരാണ് ആട് പരിപാലന രംഗത്തിറങ്ങിയിരിക്കുന്നത്. കൂടാതെ കുടുംബശ്രീപോലുള്ള കൂട്ടായ്മകൾ വഴി ആടുകളെ ലഭിക്കുന്നതിനാൽ സ്ത്രീകളും ആടുവളർത്തൽ മേഖലയിൽ സജീവമായിട്ടുണ്ട്.
50 കിലോയുള്ള ഒരാടിന് 15,000 രൂപയിൽ താഴെ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. മഴക്കാലം അടുക്കുന്നതോടെ കർഷകർ പരമാവധി ആടുകളെ വിറ്റുതീർക്കാനുള്ള തീരുമാനത്തിലാണ്. മഴക്കാലത്ത് കൂടുകളിൽ അധികം ആടുകൾനിന്നാൽ രോഗം ബാധിക്കുകയോ മറ്റോ ചെയ്താൽ മറ്റുള്ളവയിലേക്കും വ്യാപിക്കും. ഇത് ആടിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നതോടെ വിലയെയും സാരമായി ബാധിക്കും. റമദാനും ഈസ്റ്ററും അടുത്തുവരുന്ന സമയത്ത്, കർഷകർക്ക് ഏറ്റവും അധികംവില ലഭിക്കേണ്ട സമയമാണ്. ഫെസ്റ്റിവൽ സീസൺ മുൻകൂട്ടിക്കണ്ട് വിപണനസാഹചര്യം ഉപയോഗിച്ചില്ലെങ്കിൽ പിന്നീടൊരു വിപണന ഉയർച്ചക്ക് സാധ്യതയുണ്ടാവില്ല.
സർക്കാർ നിയന്ത്രണത്തിലുള്ള മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ സ്ഥാപനങ്ങൾവഴി കർഷകരുടെ ആടിനെ സംഭരിക്കുകയും അവർക്ക് ന്യായവില നൽകുകയും ഇവയിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനും സാധിക്കും. എന്നാൽ, കർഷകരിൽനിന്ന് ഇവർ ആടിനെ സ്വീകരിക്കുന്നില്ല. ഉയർന്നവിലയ്ക്കാണ് മാംസം മീറ്റ് പ്രോഡക്ട് സ്ഥാപനങ്ങൾ വിപണനം ചെയ്യുന്നത്. കൂടാതെ ആടുകളുടെ ഭക്ഷണസാമഗ്രികളുടെ വിലവർധനയും കർഷകർക്ക് തിരിച്ചടിയാണ്. മറ്റുവഴികളില്ലാതെ ഇടനിലക്കാരുടെ വിലയ്ക്ക് തന്നെ ആടുകളെ നൽകാൻ കർഷകർ ബാധ്യസ്ഥരാകുന്ന അവസ്ഥയാണ്. സ്വകാര്യ കച്ചവടക്കാരിൽനിന്ന് മാത്രമാണ് മീറ്റ് പ്രോഡക്ട് ഇറച്ചി സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇക്കാരണങ്ങളാൽ കർഷകർ ആട് കൃഷിയിൽനിന്ന് പിന്തിരിയാൻ സാധ്യതയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

