കട്ടിലിൽ കെട്ടിയിട്ട പെൺകുട്ടി, കൈയിൽ കത്തിയുമായി പ്രതി; ക്രൂരമായി പീഡിപ്പിക്കപ്പെട്ട കൗമാരക്കാരി രക്ഷപ്പെട്ടത് ആ ഒരു ഫുഡ് ഓർഡറിലൂടെ
text_fieldsനാഗ്‌പൂർ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി രണ്ടുദിവസത്തോളം ക്രൂരമായി പീഡിപ്പിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബി.ബി.എ വിദ്യാർഥി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ സ്വദേശിയും നാഗ്പൂരിൽ വാടകക്ക് താമസക്കാരനുമായ നിർഭയ് അഥവാ ആകാശ് മാധവ് പഖ്‌രെ (20) ആണ് പിടിയിലായത്. സീനിയർ ഉദ്യോഗസ്ഥന്റെ മകളായ 16 വയസ്സുകാരിയെയാണ് പൊലീസെത്തി രക്ഷിച്ചത്.
ഞായറാഴ്ച മാളിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളുടെ കൂടെയും പെൺകുട്ടി എത്തിയിരുന്നില്ലെന്ന് വ്യക്തമായതോടെ കുടുംബം പൊ ലീസിൽ പരാതി നൽകി.
പെൺകുട്ടിയുടെ കോൾ വിശദാംശങ്ങളും ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് താനെയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം അമ്മ മുഖേന ഇയാളെ ബന്ധപ്പെട്ടു. പൊലീസുമായി അമ്മ സംസാരിക്കുന്നത് അറിഞ്ഞ് പരിഭ്രാന്തനായ പ്രതി, എല്ലാം ഭദ്രമാണെന്ന് മാതാപിതാക്കളെ വിളിച്ച് പറയാൻ പെൺകുട്ടിയെ നിർബന്ധിച്ചു.
ഈ ഫോൺ കോളിലൂടെ ഇവരുടെ ലൊക്കേഷൻ പൊലീസിന് വ്യക്തമായി. തുടർന്ന് പ്രതി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തതോടെ, ഭക്ഷണ വിതരണക്കാരനൊപ്പം എത്തിയ പൊലീസ് വിലാസം ഉറപ്പാക്കുകയും കെണിയൊരുക്കി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
വാതിൽ തകർത്ത് അകത്തുകയറുമ്പോൾ കൈത്തണ്ട അറ്റനിലയിലും ശരീരമാസകലം കുത്തേറ്റ പരുക്കുകളോടെയുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. നഗ്നയാക്കി കട്ടിലിൽ കെട്ടിയിട്ട നിലയിലായിരുന്ന പെൺകുട്ടിയെ കത്തി കൈയിൽ പിടിച്ച് കൊലപ്പെടുത്താൻ തയ്യാറെടുക്കുകയായിരുന്നു പ്രതി. കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്ന് സോൺ -4 ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രശ്മിത റാവു വ്യക്തമാക്കി.
പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ പകർത്തിയ പ്രതി ഇത് പ്രചരിപ്പിക്കുമെന്നും കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിക്കെതിരെ പോക്സോ ( നിയമത്തിലെ വിവിധ വകുപ്പുകൾ, പലാത്കാരം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം എന്നിവ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രൂരകൃത്യത്തിന് ഉപയോഗിച്ച കത്തി അടക്കമുള്ള തൊണ്ടിമുതലുകൾ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഇയാൾ മുമ്പ് മറ്റു പെൺകുട്ടികളെ ഇരയാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഇതൊരു പ്രണയബന്ധമാണെന്നും പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും കൈ മുറിച്ചത് പെൺകുട്ടി സ്വയം ആണെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

