ആത്മഹത്യ ചെയ്ത പെൺകുട്ടി പീഡനത്തിനിരയായി; യുവാവ് അറസ്റ്റിൽ
text_fieldsആനന്ദ്
പീരുമേട്: കരടിക്കുഴിയിൽ പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടി പീഡനത്തിന് ഇരയായതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കരടിക്കുഴി സ്വദേശി ആനന്ദിനെ (22) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 18 നാണ് പെൺകുട്ടിയെ അയൽവാസിയുടെ പടുതാ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാെണന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. തുടർന്ന് സംശയം തോന്നിയ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
ഇവരുടെ രക്തം ശേഖരിച്ച് ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു. ഇവരിൽ ഒരാളാണ് ഇപ്പോൾ അറസ്റ്റിലായ ആനന്ദ്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
സി.ഐ.രജീഷ് കുമാർ. എസ്.ഐ കെ.ആർ. അജേഷ്, എ.എസ്.ഐ.സിയാദ്, സിവിൽ പൊലീസ് ഓഫിസർ അനീഷ് കെ. റഹിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് സബ് ജയിലിലേക്കയച്ചു.