ഗഫൂർ ഹാജി വധം; കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുന്നു
text_fieldsകാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള നാല് പ്രതികളെ കോടതി വീണ്ടും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കണ്ണൂരിൽ ഉൾപ്പടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വീണ്ടും തെളിവെടുത്തു.
ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെയാണ് ജില്ല കോടതി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ അഞ്ച് ദിവസത്തേക്ക് വിട്ടത്.
കൂളിക്കുന്ന്, മധൂർ എന്നിവിടങ്ങളിലെ പ്രതികളുടെ വീട്ടിലെത്തിച്ച് നേരത്തെ തെളിവെടുത്തിരുന്നു. നഷ്ടപ്പെട്ട 550 പവനിലേറെ ആഭരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അടുത്ത ദിവസങ്ങളിലും തെളിവെടുപ്പ് തുടരും. ഇതിനിടെ ഗഫൂർ ഹാജി കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന സൂചന പുറത്ത് വരുന്നുണ്ട്. ഗൂഢാലോചന ഉൾപ്പടെ പുറത്തുവരുമെന്നാണ് സൂചന. ഗൂഡാലോചനയിൽ കൂടുതൽ പേരുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പ്രതികൾക്ക് വാട്സ്ആപ് ഗ്രൂപ്പുണ്ടായിരുന്നതായും ഇതുവഴി ആശയവിനിമയം നടത്തിയതായും വിവരമുണ്ട്. എട്ടുപേർ അടങ്ങിയ ഗ്രൂപ്പായിരുന്നു. കൊലപാതകത്തിന് മുൻപും ശേഷവും പ്രതികൾ ഇതിൽ ചാറ്റ് നടത്തിയതായും റിപ്പോർട്ടുണ്ട്. പ്രതികൾ ഡിലീറ്റ് ചെയ്ത ഗ്രൂപ്പ് അന്വേഷണ സംഘം വീണ്ടെടുക്കുകയായിരുന്നു. പ്രതികൾ അറസ്റ്റിലായി മാസം കഴിഞ്ഞിട്ടും നഷ്ടപ്പെട്ട ആഭരണത്തിൽ 90 ശതമാനത്തിലേറെ ഇനിയും കണ്ടെത്താനായിട്ടില്ല.
രണ്ടാം തവണയാണ് പ്രതികളെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തത്. പ്രതികളെ മൂന്ന് തവണ കസ്റ്റഡിയിൽ വാങ്ങി. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി വീണ്ടും നൽകിയ കസ്റ്റഡി ആവശ്യം തള്ളിയതോടെ അന്വേഷണ സംഘം ജില്ല കോടതിയെ സമീപിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

