ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന ശേഷം കാല് അറുത്തുമാറ്റി പൊതുസ്ഥലത്ത് ഉപേക്ഷിച്ചു; പ്രതികൾ കീഴടങ്ങി
text_fieldsകൊല്ലപ്പെട്ട മനേഷ്, കേസിൽ പിടിയിലായ ജയേഷ്, സച്ചു എന്നിവർ
കങ്ങഴ: മുണ്ടത്താനത്ത് ഗുണ്ടാസംഘം യുവാവിനെ മുൻവൈരാഗ്യത്തെ തുടർന്ന് വെട്ടിക്കൊന്ന് കാൽപാദം മുറിച്ചുമാറ്റി റോഡരികിൽ ഉപേക്ഷിച്ചു. മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തമ്പാന്‍റെ മകൻ മനേഷ് (32) ആണ് മരിച്ചത്. സംഭവ ശേഷം പ്രതികളായ കടയിനിക്കാട് വില്ലൻപാറയിൽ പുതുപ്പറമ്പിൽ ജയേഷ് (32), കുമരകം കവണാറ്റിൻകര സച്ചു ചന്ദ്രൻ (23) എന്നിവർ മണിമല പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കങ്ങഴ ഇടയപ്പാറ കവലയിൽ റോഡരികിൽ മുറിച്ചുമാറ്റിയ നിലയിൽ മനുഷ്യന്‍റെ കാൽപാദം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ മുണ്ടത്താനത്തു നിന്ന് ഒന്നരകിലോമീറ്റർ മാറി മുണ്ടത്താനം ചെളിക്കുഴിയിലെ റബർതോട്ടത്തിൽ മനേഷിന്‍റെ മൃതദേഹവും കണ്ടെത്തി. മനേഷും ജയേഷും തമ്മിൽ ഏറെക്കാലമായി വൈരാഗ്യത്തിലായിരുന്നു. തുടർന്ന് മനേഷിനെ കൊല്ലാൻ ഇവർ പദ്ധതിയിട്ടു. വ്യാഴാഴ്ച രണ്ടരയോടെ ചെളിക്കുഴി ഭാഗത്തുവെച്ച് കാറിൽ സഞ്ചരിക്കവെ മനേഷിനെ കണ്ട പ്രതികൾ ഓടിച്ച് റബർതോട്ടത്തിലിട്ട് വടിവാളിന് വെട്ടുകയായിരുന്നു. തുടർന്ന് വലതു കാൽപാദം മുറിച്ചുമാറ്റി കാറിൽ മുണ്ടത്താനം കവലയിൽ ഉപേക്ഷിച്ചു.
വൈകീട്ട് നാലിന് മണിമല പൊലീസ് സ്‌റ്റേഷനിലെത്തി ഇരുവരും കീഴടങ്ങി. കൊല്ലപ്പെട്ടയാളും കീഴടങ്ങിയ പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. മനേഷ് തമ്പാൻ ഒരുമാസം മുമ്പാണ് വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയത്. സംഭവത്തെ തുടർന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ, ചങ്ങനാശേരി ഡിവൈ.എസ്.പി. ആർ. ശ്രീകുമാർ, കറുകച്ചാൽ സി.ഐ. റിച്ചാർഡ് വർഗീസ്, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മനേഷിെൻറ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മനേഷിന്‍റെ അമ്മ: ചന്ദ്രിക, ഭാര്യ: ലിൻസി.
ആസുത്രിത കൊലപാതകം: മനേഷിനെ കൊല്ലാൻ പ്രതികൾ നേരത്തെ പദ്ധതിയിട്ടു
കങ്ങഴ: മുണ്ടക്കാനത്ത് മനേഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യമെന്ന് പൊലീസ്. മനേഷിനെ കൊല്ലാൻ പ്രതികൾ നേരത്തെ തന്നെ പദ്ധതിയിട്ടുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
കേസിലെ പ്രതികളിലൊരാളായ ജയേഷിന ആറുമാസം മുമ്പ് കടയിനിക്കാട്ടെ വീട്ടിലെത്തിയ ഒരു സംഘം കാലിന് വെട്ടിപരിക്കേൽപിച്ചിരുന്നു. ഇത് മനേഷിെൻറ അറിവോടെയാണ് എന്നതാണ് പ്രതികളെ വൈരാഗ്യത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് പറയുന്നത്. ഏതാനും നാളുകളായി ഇവർ മനേഷിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു.
കഴിഞ്ഞ ദിവസം ജയേഷും സച്ചുവും മനേഷിനെ തേടി വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ മനേഷ് ചെളിക്കുഴി ഭാഗത്ത് ഉണ്ടെന്ന് മനസിലാക്കിയ ഇരുവരും വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി കാറിൽ എത്തുകയായിരുന്നു. ജയേഷിനെയും സച്ചുവിനെയും കണ്ട മനേഷ് പഞ്ചായത്ത് റോഡിൽ നിന്ന് 400 മീറ്ററോളം റബർതോട്ടത്തിലൂടെ ഓടി. പിന്നാലെ എത്തിയ ഇവർ മനേഷിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ജയേഷ് മനേഷിന്‍റെ കാൽപാദം വെട്ടിമാറ്റി.
മുറിച്ചെടുത്ത കാൽപാദവുമായി ഇടയപ്പാറ കവലയിലെത്തി റോഡരികിൽ ഉപേക്ഷിച്ച ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു. ജയേഷിെൻറ പേരിൽ പൊലീസുകാരെ ആക്രമിച്ചതടക്കം നിരവധി കേസുകളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുളളത്. കഞ്ചാവ് കച്ചവടമടക്കം നിരവധി കേസുകളിൽ ഇരുവരും മുമ്പ് പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട മനേഷിന്റെ പേരിലും അടിപിടിയടക്കം നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

