മംഗലപുരത്ത് ഗുണ്ടാ ആക്രമണം; നാലുപേർക്ക് പരിക്ക്
text_fieldsഅറസ്റ്റിലായ പ്രതികൾ
മംഗലപുരം: ഒരിടവേളക്ക് ശേഷം മംഗലപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കൊയ്ത്തൂർക്കോണം വെള്ളൂർപള്ളിക്ക് സമീപമാണ് ഗുണ്ടാസംഘം നാലുപേരെ ആക്രമിച്ചത്. ആനതാഴ്ചിറ ലക്ഷംവീട് കോളനി സ്വദേശികളായ നിസാമുദ്ദീൻ(19), സജിൻ(19), സനീഷ്(21), നിഷാദ്(19) എന്നിവർക്കാണ് പരിക്കേറ്റത്. പള്ളിയിൽ നിന്ന് നോമ്പുതുറന്ന് തിരികെ പോകവെ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു ആക്രമണം.
വാരിയെല്ലിന്റെ ഭാഗത്ത് കുത്തേറ്റ നിസാമുദ്ദീൻ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെട്ടുകത്തിയും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമം. പ്രതികളിൽ മൂന്നുപേരെ മംഗലപുരം പൊലീസ് പിടികൂടി. മംഗലപുരം സ്വദേശികളായ ഷെഹിൻ(26), അഷ്റഫ്(24) എന്നിവരും അക്രമത്തിന് ക്വാട്ടേഷൻ നൽകിയ വെള്ളൂർ സ്വദേശിയായ 15 കാരനുമാണ് പിടിയിലായത്. അഷ്റഫിന്റെ സഹോദരൻ അൻസറിനായി അന്വേഷണം ഉൗർജിതമാക്കി. അക്രമികൾ കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരാണ്. പള്ളിയിൽ നിന്ന് മടങ്ങിയവരെ അക്രമിക്കുന്നതിന് മുമ്പ് പ്രതികൾ ഓട്ടോ ഡ്രൈവറായ സിദ്ധിഖിനെ(44) മർദിച്ചശേഷം പണവും മൊബൈൽ ഫോണും കവർന്നിരുന്നു. ഇയാൾ ചികിത്സയിലാണ്.
കളിസ്ഥലത്തെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് െപാലീസ് പറയുന്നത്. ആക്രമത്തിൽ പരിക്കേറ്റവരും 15 കാരനും തമ്മിൽ രണ്ട് ദിവസം മുമ്പ് വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് 15 കാരൻ ക്വട്ടേഷൻ കൊടുത്തത്.
സംഭവത്തിനുശേഷം ടെക്നോസിറ്റിക്ക് സമീപം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അർധരാത്രിയോടെ െപാലീസ് പിടികൂടുകയായിരുന്നു. പ്രതികളിൽനിന്ന് വെട്ടുകത്തിയും കത്തിയും െപാലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ കൊലപാതക ശ്രമം, പിടിച്ചുപറി ഉൾപ്പെടെ ഉള്ള വകുപ്പുകൾ പ്രകാരം മംഗലപുരം െപാലീസ് കേസ് രജിസ്റ്റർ ചെയ്തു. 15 കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മംഗലപുരം ഇൻസ്പെക്ടർ സിജു കെ. നായർ പറഞ്ഞു.