പിടികിട്ടാപുള്ളിയായ ഗുണ്ടാ സംഘാംഗം പിടിയിൽ
text_fieldsരൂപേഷ്
വളാഞ്ചേരി: നിരവധി കേസുകളിൽ പിടികിട്ടാപുള്ളിയും ഗുണ്ടാ സംഘത്തിലെ പ്രധാന അംഗവുമായ പ്രതി പിടിയിൽ. തൃശൂർ അമ്മാടം തന്നംക്കാവിൽ രൂപേഷിനെയാണ് (35) വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശ്ശൂരിൽ അറസ്റ്റ് ചെയ്തത്. പ്രതി 2008ൽ കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ബസിന് മുന്നിൽ വട്ടപ്പാറ വളവിൽ കാർ വിലങ്ങനെ നിർത്തി തടയുകയും പണവുമായി വരുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണം കവരുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാൾ ജാമ്യം നേടി. പിന്നീട് കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു.
പെരിന്തൽമണ്ണക്കടുത്ത് പട്ടിക്കാട് നിന്ന് 236 കി.ഗ്രാം കഞ്ചാവുമായി പ്രതി നേരത്തെ വലയിലായിരുന്നു. തൃശൂർ ജില്ലയിലെ കൊരട്ടി, പുതുക്കാട്, ഒല്ലൂർ, വരന്തരപ്പിള്ളി, മണ്ണുത്തി, ഇരിഞ്ഞാലക്കുട, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, നെടുപുഴ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ പണം തട്ടിയെടുത്തതിനും കൊലപാതക ശ്രമം, കഞ്ചാവ് വിൽപന തുടങ്ങിയവയ്ക്കും കേസുകൾ നിലവിലുണ്ട്.
തൃശൂരിലെ കടവ് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ വലംകൈയായിരുന്നു പ്രതി. സംഘാംഗമായിരുന്നുവെങ്കിലും രഞ്ജിത് ജയിലിൽ ആയിരുന്ന സമയത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് പ്രതി ആയിരുന്നു. പുതിയൊരു സംഘം ഉണ്ടാക്കി നേതാവാകാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. മഞ്ചേരി അഡിഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എസ്.ഐമാരായ നൗഷാദ്, അസീസ്, സി.പി.ഒമാരായ ഷഫീക്, ശ്യാം, ജോൺസൻ എന്നിവരും ഉണ്ടായിരുന്നു.