കുടിപ്പക: ഗുണ്ടസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, നാലുപേർ അറസ്റ്റിൽ
text_fieldsചെറായി: ഗുണ്ടസംഘങ്ങളുടെ കുടിപ്പകയെത്തുടർന്ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് നാലുപേരെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ വട്ടത്തറ സജീവന്റെ മകൻ പ്രജിത്ത് (25), കുഴുപ്പിള്ളി അഞ്ചലശ്ശേരി സുദർശന്റെ മകൻ ആദർശ് (24), ഞാറക്കൽ പള്ളിപ്പറമ്പിൽ ജേക്കബിന്റെ മകൻ ലിനോ ജേക്കബ് (24), അയ്യമ്പിള്ളി നികത്തുതറ സരസന്റെ മകൻ നന്ദു സരസൻ (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 16ന് തറവട്ടത്ത് നടന്ന കൊലപാതക ശ്രമത്തിലാണ് അറസ്റ്റ്. പള്ളത്താംകുളങ്ങര പ്രണവ് വധക്കേസിലെ പ്രതി അയ്യമ്പിള്ളി തറവട്ടം ചൂളക്കപ്പറമ്പിൽ നാംദേവിനെയാണ് (23) വധിക്കാൻ ശ്രമിച്ചത്. കൈവിരലുകൾക്കും ഷോൾഡറിനും വെട്ടേറ്റ നാംദേവ് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പള്ളത്താംകുളങ്ങര പ്രണവ് വധക്കേസ് കൂടാതെ നിരവധി മയക്കുമരുന്ന് കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയാണ് വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട നാംദേവ് എന്ന് മുനമ്പം പൊലീസ് പറഞ്ഞു. നേരത്തേ ഇയാൾ പ്രതികൾ ഉൾപ്പെട്ട സംഘത്തിൽ പ്രവർത്തിച്ചിരുന്നയാളാണ്. പിന്നീട് മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങളെത്തുടർന്ന് ഇയാൾ പ്രതികളുമായി തെറ്റിപ്പിരിഞ്ഞു.
സംഭവശേഷം ഒളിവിൽ പോയ പ്രതികളെ മുനമ്പം സി.ഐ എം. വിശ്വംഭരൻ, എസ്.ഐ ടി.എസ്. സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ എം.വി. രശ്മി, കെ.എ. സരീഷ്, പൊലീസുകാരായ പി.എ. ജയദേവൻ, ലിജിൽ ജോസ്, അൻവർ ഹുസൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

