ചാറ്റ് ചെയ്ത് വലയിലാക്കിയ യുവാവിനെ മർദ്ദിച്ച് പണം കവർന്ന സംഘം പിടിയിൽ
text_fieldsപ്രതികളായ നിധിന് ,നിധീഷ്, ശ്രീജിത്ത് ,അഖില്‍ എന്നിവർ
വെള്ളറട: ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഇട്ടശേഷം പെണ്‍കുട്ടി എന്ന വ്യാജേന ചാറ്റ് ചെയ്ത് യുവാവിനെ വലയിലാക്കി ക്രൂരമായി മര്‍ദ്ദിച്ച് പണം കവര്‍ന്ന സംഘം ആര്യന് കോടില്‍ പിടിയിലായി. ആറംഗ സംഘത്തില്‍ രണ്ടുപേര്‍ കാപ്പാ കേസിലെ പ്രതികളാണ്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ഉള്‍പ്പെട്ടിട്ടുണ്ട്.
കൊല്ലം കുന്നത്തൂര്‍ സ്വദേശിയായ മഹേഷ് മോഹനെ (40) ആണ് സംഘം വിദഗ്ധമായി പറ്റിച്ച് ആര്യന്‍കോടിലെ താവളത്തിലെത്തിച്ച് അതിക്രൂര പീഡനവും പിടിച്ചുപറിയും നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥികളായ രണ്ടുപേര്‍ക്ക് പുറമേ, കീഴാറ്റൂര്‍ വില്ലേജില്‍ ഇടവാല്ദേശത്ത് ഇഴവികോണം മാമൂട്ടുവിളാകം വീട്ടില്‍ കൊച്ചുകാണി എന്ന നിധിന് (24), ഇയാളുടെ സഹോദരന് വലിയകാണി എന്ന നിധീഷ്(25), ആര്യന്‍കോട് പത്തിക്കുഴി പി.കെ. ഹൗസില്‍ ശ്രീകുട്ടന് എന്ന ശ്രീജിത്ത് (24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിന്‍കര മേലെ പുത്തന്‍ വീട്ടില്‍ സച്ചു എന്ന അഖില്‍ (26) എന്നിവരാണ് പിടിയിലായത്.
സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ ആയി ഇട്ടശേഷം ചാറ്റിങ്ങിലൂടെ ഇരകളെ വീഴ്ത്തുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ വലയിലായ മഹേഷ് മോഹനെ ഇരുപത്തിരണ്ടാം തീയതി ആര്യന് കോടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍കുട്ടി ഒറ്റയ്ക്കാണുള്ളത് എന്നു പറഞ്ഞാണ് സംഘം വീട്ടിലേക്ക് വിളിച്ചു വരുത്തിയതും തുടര്‍ന്ന് സങ്കേതത്തിലെ തടങ്കലില്‍ പാര്‍പ്പിച്ച് മൃഗീയമായി പീഡിപ്പിച്ചതും.
ശരീരമാസകലം കത്തികൊണ്ട് മാരകമായി മുറിവേല്‍പ്പിച്ച ശേഷം മഹേഷിന്റെ സ്മാര്‍ട്ട് ഫോണും എ.ടി.എമ്മില്‍ നിന്നുള്ള പണവും സംഘം കവര്‍ന്നു. മോചനദ്രവ്യമായി 2 ലക്ഷം രൂപ ആവശ്യപ്പെട്ട് ശരീരമാസകലം കത്തികൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിക്കുകയുംചെയ്തു. കൈ അടിച്ച് ഒടിക്കുകയും കൈയ്യിലെ നഖം വലിച്ച് പിഴുത് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.എ. ടി. എം. കാര്‍ഡും പിന് നമ്പറും കൈവശപ്പെടുത്തി അക്കൗണ്ടില്‍ നിന്ന് 21,500 രൂപയും സ്മാര്‍ട്ട് ഫോണും അപഹരിക്കുകയും ചെയ്തു.
ഒരു ലക്ഷം രൂപ അടിയന്തരമായി തന്നില്ലെങ്കില്‍ പോക്സോ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം കൈവശമില്ലെന്ന് ബോധ്യപ്പെട്ടതോടെ മഹേഷിനെ സംഘം നെയ്യാറ്റിന്‍കരയില്‍ എത്തിച്ച് മോചിപ്പിക്കുകയായിരുന്നു. എന്നാല്‍ ദിശ തെറ്റി പാറശ്ശാലയില്‍ എത്തിയ മഹേഷ് തന്റെ ദുരവസ്ഥ പാറശ്ശാല പോലീസിന് മുന്നില്‍ പറഞ്ഞതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
ശരീരമാസകലം മുറിവും മര്‍ദ്ദനവുമേറ്റ മഹേഷ് മോഹന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാറശാല സ്റ്റേഷനില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്യന്‍കോട് എസ്.എച്ച്.ഒ തന്‍സീം അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

