കാറിലെത്തി വയോധികയുടെ മാല പൊട്ടിച്ചുകടന്ന സംഘം പിടിയിൽ
text_fieldsഅറസ്റ്റിലായ സംഘം
ഏറ്റുമാനൂർ: പള്ളിയിലേക്ക് പോവുന്ന വയോധികയുടെ സ്വർണമാല കാറിൽ എത്തി പൊട്ടിച്ചുകടന്ന നാലംഗസംഘത്തെ 48 മണിക്കൂറിനകം പിടികൂടി ഏറ്റുമാനൂർ പൊലീസ്. പത്തനംതിട്ട കടപ്ര കുളത്തുമലയിൽ കെ.വി. രവീന്ദ്രൻ (44 ), കഴക്കൂട്ടം ശങ്കരനിലയം ശ്രീകാര്യത്തിൽ രതീഷ് ചന്ദ്രൻ (44), പത്തനംതിട്ട കടപ്ര മലയിൽ തെക്കേതിൽ ശിവപ്രസാദ് (41), കടപ്ര മലയിൽ വടക്കേതിൽ സോമേഷ് കുമാർ (46 ), കോട്ടയം അയർകുന്നം തൈപ്പറമ്പിൽ എബ്രഹാം മാത്യു (55) എന്നിവരാണ് അറസ്റ്റിലായത്.
ചെറുവാണ്ടൂർ എട്ടുപറയിൽ ഗ്രേസി ജോസഫിന്‍റെ (69) നാലുപവന്‍റെ മാലയാണ് പൊട്ടിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ബന്ധു ലിസിയുടെ ആഭരണങ്ങൾ കവരാനും ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ 6.15ന് ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ ഭാഗത്താണ് സംഭവം.
ചെറുവാണ്ടൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക് നടന്നു പോവുകയായിരുന്നു ഇവർ. സ്ത്രീകളുടെ സമീപം കാർ നിർത്തിയ ശേഷം ഗ്രേസിയോട് വഴിചോദിച്ച മോഷ്ടാക്കൾ രണ്ടുപേരെയും വലിച്ചു നിലത്തിട്ട് മാല പൊട്ടിച്ച് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടയിൽ ഗ്രേസിയുടെ കഴുത്തിൽ മുറിവേറ്റു.
ലിസിയുടെ കഴുത്തിനും മുഖത്തും പരിക്കുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള നീല നിറത്തിലുള്ള മാരുതി ഫ്രോങ്സ് കാറിലെത്തിയ നാലുപേരാണ് കൃത്യത്തിൽ പങ്കെടുത്തതെന്ന് കണ്ടെത്തി. ഏറ്റുമാനൂർ എസ്.എച്ച്.ഒ ശ്യാം, എസ്.ഐ മാരായ അഖിൽ ദേവ്, തോമസ് ജോസഫ്, എ.എസ്.ഐ ഗിരീഷ്കുമാർ, എസ്.സി.പി.ഒമാരായ ജ്യോമി, സുനിൽ കുര്യൻ, സി.പി.ഒമാരായ സാബു, അനീഷ്, അജിത്, അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ചയാളാണ് അഞ്ചാംപ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

