രാസലഹരി വില്പനക്കേസിലെ തുടരന്വേഷണം; 52കാരിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
text_fieldsകൊണ്ടാട്ടി: തയ്യല്‍ ജോലിക്കിടെ ലഹരി വസ്തുക്കള്‍ വില്പന നടത്തിയ കേസില്‍ അറസ്റ്റിലായ പൂക്കോട്ടൂര്‍ മുതിരിപറമ്പ് സ്വദേശി റസിയ ബീഗത്തിനെ തുടരന്വേഷണത്തിനായി പൊലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങി. വാടക ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരി ഉൽപന്നങ്ങള് വിൽപന നടത്തിവന്ന സംഘത്തിലെ കണ്ണിയായ റസിയയെ (52) ഇക്കഴിഞ്ഞ 12നാണ് മൊറയൂര്‍ സ്കൂള്‍പടിയിലെ താമസസ്ഥലത്തുനിന്ന് പൊലീസ് സംഘം പിടികൂടിയത്.
ഇവരില്‍നിന്ന് 13 ഗ്രാമോളം എം.ഡി.എം.എയും ഡിജിറ്റല്‍ ത്രാസുകളും പ്ലാസ്റ്റിക്ക് പൗച്ചുകളും 24,000ഓളം രൂപയും പിടികൂടിയിരുന്നു.ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വാടക ക്വാര്‍ട്ടേഴ്സുകള്‍ എടുത്താണ് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവര്‍ ലഹരി വിൽപന നടത്തിയിരുന്നത്.
സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജില്ലയിലെ പെണ്‍വാണിഭ സംഘങ്ങളുമായും ഇവര്‍ക്ക് അടുത്ത ബന്ധമുള്ളതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേണം പുരോഗമിക്കുകയാണ്.