ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsബിനോയി
തിരുവനന്തപുരം: കൊലപാതകം, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ പൊലീസ് പിടികൂടി. മുരുക്കുംപുഴ മുണ്ടയ്ക്കൽ റ്റി.പി ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ബിനോ എന്ന് വിളിക്കുന്ന ബിനോയി(45)യെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ 2005ൽ ഒരു മോഷണക്കേസിലും, 2013ൽ വലിയതുറ സ്വദേശി രതീഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലും പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. മോഷണക്കേസിൽ ഇയാൾക്കെതിരെ എൽ.പി വാറണ്ടും കൊലക്കേസിൽ വാറണ്ടും കോടതി പുറപ്പെടുവിച്ചിരുന്നു. സ്ഥിരം മേൽവിലാസമില്ലാത്ത ഇയാൾ കർണാടകയിലും തമിഴ്നാട്ടിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽകഴിഞ്ഞിരുന്നു.
പൊലീസ് സംഘം ഇയാളുടെ ബംഗളൂരുവിലെ ഒളിത്താവളം കണ്ടെത്തി അവിടെ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അവിടെനിന്നു കടന്ന ഇയാൾ മുരുക്കുംപുഴയിൽ വാടകവീട് എടുത്ത് കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു. കഴക്കൂട്ടം സൈബർസിറ്റി അസി. കമീഷണർ ഹരി സി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുൻ, ഷാജുകുമാർ, സി.പി.ഒമാരായ ബിനു, ശ്യാം, അരുൺ, ശൈലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മുരുക്കുംപുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.