പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം; ഗുജറാത്തിൽ 20-കാരനെ സുഹൃത്ത് വെട്ടിനുറുക്കി കൊലപ്പെടുത്തി
text_fieldsരമേഷും സുഹൃത്തായ കിഷോറും
കച്ച്: പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി ബോർവെല്ലിൽ തള്ളി. ഗുജറാത്തിലെ കച്ചിലാണ് സംഭവം. ആറ് ദിവസമായി കാണാതായ രമേഷ് മഹേശ്വരിയെ ഇന്നലെയാണ് കൊല്ലപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയത്.
നഖത്രനയിലെ മുരു ഗ്രാമത്തിൽ ഡിസംബർ 2-നാണ് രമേഷ് മഹേശ്വരിയെ കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കവേ, സംശയം തോന്നിയ പോലീസ് രമേഷിന്റെ സുഹൃത്തായ കിഷോറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. പെൺസുഹൃത്തിനെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് രമേഷിനെ താൻ കൊലപ്പെടുത്തുകയായിരുന്നു എന്ന് കിഷോർ പോലീസിനോട് സമ്മതിച്ചു.
കിഷോർ രമേഷിന്റെ പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാം വഴി സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇക്കാര്യം യുവതി രമേഷിനെ അറിയിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിൽ പ്രകോപിതനായ കിഷോർ രമേഷിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കിഷോർ രമേഷിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. കൊന്നതിനു ശേഷം കത്തി ഉപയോഗിച്ച് തലയും കൈകളും കാലുകളും വെട്ടിമാറ്റി ബോർവെല്ലിൽ വലിച്ചെറിയുകയും, ബാക്കിയുള്ള ശരീരഭാഗം സമീപത്ത് കുഴിച്ചിടുകയും ചെയ്തു.
കിഷോറിന്റെ കുറ്റസമ്മതത്തെ തുടർന്ന്, നഖത്രന പോലീസും ജില്ലാ ഭരണകൂടവും തിങ്കളാഴ്ച സംഭവസ്ഥലം സന്ദർശിച്ച് ബോർവെല്ലിൽ എറിഞ്ഞ തലയും കൈയ്യും കാലും കുഴിച്ചിട്ട ശരീരഭാഗവും കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

