സഹോദരിയോട് മോശമായി പെരുമാറിയ 18കാരനെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍
text_fieldsമരിച്ച രാജ്കുമാർ, അറസ്റ്റിലായ പ്രവീണ്‍കുമാർ
കട്ടപ്പന: സഹോദരിയോട് അപമര്യാദയായി പെരുമാറിയതിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി 18 കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍. അണക്കര നെറ്റിത്തൊഴു സത്യവിലാസം പവന്‍രാജിന്‍റെ മകന്‍ രാജ്കുമാറാണ് (18) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് മണിയന്‍പെട്ടി സ്വദേശി പ്രവീണ്‍കുമാറിനെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാജ്കുമാറിനെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ വണ്ടന്മേട് പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തില്‍ ദുരൂഹത തോന്നിയതിനെത്തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പ സ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം രാജ്കുമാറും പ്രവീണ്‍ കുമാറും ഒരുമിച്ചുണ്ടായിരുന്നതായി വിവരം കിട്ടി. ഇതേതുടര്‍ന്ന് പ്രവീണ്‍ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുള്‍ നിവർന്നത്. സഹോദരിയോട് അപമര്യാദയായി പെരുമാറിയതിന് പ്രവീണ്‍ രാജ്കുമാറിനെ കൊലപ്പെടുത്താന്‍ ഒരുമാസമായി പദ്ധതിയിട്ട് നടക്കുകയായിരുന്നു.
14ന് രാജ്കുമാറിനെ തന്ത്രപൂര്‍വം പ്രവീണ്‍ ഒപ്പം കൂട്ടി. തുടർന്ന്, നെറ്റിത്തൊഴുവിലെ ബിവറേജില്‍നിന്ന് മദ്യം വാങ്ങി ഇരുവരും തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽ എത്തി മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. തുടർന്ന് മദ്യലഹരിയിൽ അബോധാവസ്ഥയിലായ രാജ്കുമാറിന് കൈയില്‍ കരുതിയ വിഷം കലര്‍ത്തിയ മദ്യം പ്രവീണ്‍ നൽകുകയായിരുന്നു.
മരണവെപ്രാളത്തില്‍ കാനനപാതയിലൂടെ ഓടി വീട്ടിലേക്ക് പോകാൻ ശ്രമിച്ച രാജ്കുമാറിനെ പ്രവീണ്‍ പിന്തുടര്‍ന്നെത്തി തടഞ്ഞുനിര്‍ത്തി. ഇതിനിടെ, അവശനായി പാറപ്പുറത്ത് വീണ രാജ്കുമാറിന്‍റെ മരണം ഉറപ്പുവരുത്തുന്നതുവരെ പ്രവീൺ അവിടെ കാവല്‍ നിന്നു.
വണ്ടന്മേട് ഇൻസ്പെക്ടർ നവാസ്, സ്‌പെഷല്‍ ടീം എസ്.ഐമാരായ സജിമോന്‍ ജോസഫ്, എം. ബാബു, സി.പി.ഒമാരായ ടോണി ജോണ്‍, വി.കെ. അനീഷ്, ജോബിന്‍ ജോസ്, സുബിന്‍, ശ്രീകുമാര്‍, വണ്ടന്മേട് സ്റ്റേഷനിലെ എസ്.ഐമാരായ എബി ജോര്‍ജ്, ഡിജു, റജി കുര്യന്‍, ജെയിസ്, മഹേഷ്, സി.പി.ഒമാരായ ബാബുരാജ്, റാള്‍സ്, ഷിജുമോന്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

