മക്കളെ കാട്ടിൽ ഉപേക്ഷിച്ച് ക്രൂര വിനോദം; ഫ്രഞ്ച് ദമ്പതികൾക്ക് പോർച്ചുഗലിലെ ഏറ്റവും കഠിനമായ ജയിലിൽ തടവുശിക്ഷ
text_fieldsലിസ്ബൺ: ഒളിച്ചുകളിയുടെയും നിധിശേഖരണത്തിന്റെയും പേരിൽ സ്വന്തം കുഞ്ഞുങ്ങളെ വനത്തിൽ ഉപേക്ഷിച്ച ഫ്രഞ്ച് സ്വദേശികളായ ദമ്പതികൾക്ക് പോർച്ചുഗലിൽ കഠിന തടവ്. ഫ്രഞ്ച് സെക്സോളജിസ്റ്റായ മറൈൻ റൂസ്സോ (41), ഇവരുടെ പങ്കാളിയും മുൻ ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥനുമായ മാർക്ക് ബല്ലബ്രിഗ (55) എന്നിവരെയാണ് പോർച്ചുഗൽ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയാണ് ഇവർ കാട്ടിൽ ഭയന്നുവിറച്ച നിലയിൽ ഉപേക്ഷിച്ചത്.
പോർച്ചുഗലിലെ അൽകാസർ ഡോ സാൽ എന്ന വനമേഖലയ്ക്ക് സമീപമാണ് സംഭവം. ഒളിച്ചുകളിയാണെന്ന് വിശ്വസിപ്പിച്ച് കുട്ടികളുടെ കണ്ണുകെട്ടിയ ശേഷമാണ് ഇവരെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മണ്ണിൽ ഒളിപ്പിച്ചിരിക്കുന്ന കളിപ്പാട്ടം കണ്ടെത്താനുള്ള വിനോദമെന്ന് പറഞ്ഞാണ് അഞ്ചു വയസ്സുകാരനായ ബാർത്തലെമിയെക്കൊണ്ട് ഇവർ മണ്ണ് തുരപ്പിച്ചത്. എന്നാൽ, മണ്ണിൽ നിന്ന് കുട്ടിക്ക് ലഭിച്ചത് മൂർച്ചയേറിയ ഒരു കത്തിയായിരുന്നു. കത്തി കൈക്കലാക്കി കുട്ടി കണ്ണിലെ കെട്ടഴിച്ചപ്പോഴേക്കും മാതാപിതാക്കൾ കാറിൽ അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു.
കുറച്ചുമാറ്റിവെച്ച വസ്ത്രങ്ങൾ, രണ്ട് കുപ്പി വെള്ളം, കുറച്ച് ബിസ്ക്കറ്റ്, ഒരു ഓറഞ്ച്, ഒരു ആപ്പിൾ എന്നിവ മാത്രമാണ് ഭയന്നുവിറച്ച കുട്ടികളുടെ പക്കലുണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ വനമേഖലയിലൂടെ കരഞ്ഞുകൊണ്ട് അലഞ്ഞുതിരിഞ്ഞുനടന്ന കുട്ടികളെ ഒരു പ്രാദേശിക ദമ്പതികളാണ് കണ്ടെത്തുന്നത്. കുട്ടികൾ അങ്ങേയറ്റം ഭയന്ന നിലയിലായിരുന്നുവെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
കുട്ടികളെ ഉപേക്ഷിച്ച ശേഷം ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികളെ ഒടുവിൽ ഫാത്തിമയ്ക്ക് സമീപമുള്ള ഒരു കഫേയിൽ നിന്നാണ് പൊലീസ് വലയിലാക്കിയത്. ഇവർ രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് കോടതി അടിയന്തരമായി തടവുശിക്ഷയ്ക്ക് വിധിച്ചത്.
പ്രതിയായ അമ്മ മറൈൻ റൂസ്സോയെ ലിസ്ബണിലെ ഏറ്റവും കുപ്രസിദ്ധമായ ടയേഴ്‌സ് ജയിലിലെ ഏകാന്ത തടവിലേക്കാണ് മാറ്റിയിരിക്കുന്നത്. കൊലപാതകികളും കുട്ടികളെ പീഡിപ്പിക്കുന്നവരുമുൾപ്പെടെ 450ഓളം കടുത്ത ക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. പങ്കാളി മാർക്ക് ബല്ലബ്രിഗയെ സെറ്റുബൽ ജയിലിലേക്കും മാറ്റി. നിലവിൽ സുരക്ഷിതരായ കുട്ടികൾ പോർച്ചുഗലിലെ ചൈൽഡ് കെയർ സെന്ററിന്റെ സംരക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

