എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsപിടിയിലായ പ്രതി
കടയ്ക്കൽ: എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം നൽകി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. പെരിങ്ങമല വട്ടക്കരിക്കകം ബിസ്മി മൻസിലിൽ ഷെഹിൻ ജമാലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2023ൽ കോട്ടുക്കൽ സ്വദേശിനിക്ക് വിദേശ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസിന് അഡ്മിഷൻ വാങ്ങി നൽകാമെന്നു പറഞ്ഞാണ് പണം കൈപ്പറ്റിയത്.
ആദ്യം ഒന്നര ലക്ഷം രൂപയും പിന്നീട് ഒരു ലക്ഷം രൂപയും അക്കൗണ്ട് വഴി നൽകി. നിരവധി തവണ ഇയാളുമായി ബന്ധപ്പെട്ടെങ്കിലും കണ്ടുകിട്ടിയില്ല. തുടർന്നാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം സമാനകേസിൽ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾ അറസ്റ്റിലായി. തുടർന്ന് കടയ്ക്കൽ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി. വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്.

