വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി ബംഗളൂരുവിൽ പിടിയിൽ
text_fieldsറോജിൻ
കാക്കനാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃക്കാക്കര പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. വാഴക്കാല ജഡ്ജിമുക്കിൽ പ്രവർത്തിക്കുന്ന ഹാപ്പി ക്രോ ഗ്ലോബൽ സ്റ്റഡീസ് എൽ.എൽ.പി എന്ന സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ എറണാകുളം പുത്തൻവേലിക്കര സ്വദേശി റോജിനെയാണ് അറസ്റ്റ് ചെയ്തത്. പത്തോളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹംഗറിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 2023 ഒക്ടോബർ മുതൽ പല ഘട്ടങ്ങളിലായി പരാതിക്കാരിൽനിന്നായി ലക്ഷക്കണക്കിന് രൂപയാണ് പ്രതി കൈക്കലാക്കിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ ഒപ്പിട്ടാണ് വിശ്വാസം ആർജിച്ചത്.
പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പ്രതിയുടെ അക്കൗണ്ടിലേക്ക് ഘട്ടങ്ങളിലായി പണം മാറ്റുകയായിരുന്നു. എന്നാൽ പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ജോലിയോ വാങ്ങിയ പണമോ നൽകാൻ പ്രതിയും സ്ഥാപനവും തയാറായില്ല.
തൃക്കാക്കര എസ്.ഐ വി.ബി. അനസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിദേശത്തേക്ക് ആളുകളെ അയക്കാൻ ആവശ്യമായ ‘പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ്’ ലൈസൻസ് സ്ഥാപനത്തിന് ഇല്ലെന്ന് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളൂരു മടിവാളയിലെ മാരുതി നഗറിൽനിന്നാണ് പിടികൂടിയത്. തൃക്കാക്കര, പുത്തൻവേലിക്കര, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി സമാനമായ നാല് കേസുകൾ കൂടി ഇയാൾക്കെതിരെ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്. സി.പി.ഒ സുജിത്ത്, ഗുജ്റാൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

