വിദേശജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
text_fieldsകൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കൊടുങ്ങല്ലൂര്‍ വെള്ളംപത്ത് വീട്ടില്‍ ബാലകൃഷ്ണനെയാണ് (77) എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശ ജോലിക്ക് ഉദ്യോഗാർഥികളെ കൊണ്ടുപോകാനുള്ള ലൈസന്‍സ് ഇല്ലാതെയായിരുന്നു കുമാര്‍ ട്രാവല്‍സ് എന്ന പേരില്‍ പ്രതി റിക്രൂട്ടിങ് സ്ഥാപനം നടത്തിയിരുന്നത്. കോവിഡ് വ്യാപനമായതിനാല്‍ വിദേശത്തേക്ക് ജോലിക്ക് ധാരാളം ഉദ്യോഗാർഥികളെ ആവശ്യമുണ്ടെന്ന രീതിയില്‍ പരസ്യം നല്‍കിയാണ് വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിക്കെതിരെ നിരവധിപേർ പരാതിയുമായി സെന്‍ട്രല്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ എ.സി.പി ജയകുമാര്‍, സെന്‍ട്രല്‍ സി.ഐ വിജയശങ്കര്‍, എസ്.ഐമാരായ ആനി ശിവ, ഫുള്‍ജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.