ജോലിയുടെ മറവിൽ ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ്: ഇരകളെ നാട്ടിലെത്തിച്ചു
text_fieldsപൊന്നാനി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി കബളിപ്പിക്കപ്പെട്ട പൊന്നാനി സ്വദേശികളെ ദുബൈയിൽനിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. ജോലിയും വലിയ ശമ്പളവും വാഗ്ദാനം ചെയ്ത് ഒരുലക്ഷവും അതിലധികവും വാങ്ങിച്ചാണ് പൊന്നാനിയിൽനിന്ന് ഏതാനും പേരെ ആലുവ സ്വദേശിയായ ഏജന്റ് ദുബൈയിലേക്ക് എത്തിച്ചത്.
പൊന്നാനിയിലെ കടലോര പ്രദേശത്തെ സാമ്പത്തിക പ്രയാസം നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാരെയാണ് ട്രാവൽ ഏജന്റ് ചൂഷണത്തിന് വിധേയമാക്കിയത്. താമസവും ഭക്ഷണവും ഇല്ലാതെ പ്രയാസപ്പെടുന്ന ഇവരിൽ മൂന്നു പേർക്ക് പൊന്നാനി മണ്ഡലം കെ.എം.സി.സി താമസവും ഭക്ഷണവും ഒരുക്കിക്കൊടുത്തു. നാട്ടിലേക്ക് കയറ്റിവിടാൻ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ രണ്ട് പേർ പോസിറ്റിവും ഒരാൾ നെഗറ്റിവുമായി. രണ്ട് പേർക്ക് 10 ദിവസത്തെ സമ്പർക്ക വിലക്ക് സംവിധാനവും മണ്ഡലം കെ.എം.സി.സി ഒരുക്കിക്കൊടുത്തു. ഇവർക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് പൊന്നാനി കൂട്ടായ്മയായ പി.സി.ഡബ്ല‍്യു.എഫ് എന്ന സംഘടന വഹിക്കുകയും ചെയ്തു.
ദുബൈ കെ.എം.സി.സി ഓഫിസിൽ വെച്ച് പി.സി. ഷബീർ മുഹമ്മദ്, ഹബീബ് റഹ്‌മാൻ എന്നിവർ യാത്ര ടിക്കറ്റുകൾ വിതരണം ചെയ്തു. പി.വി. നാസർ, സൈനുദ്ദീൻ പൊന്നാനി, ഒ.ഒ. അബൂബക്കർ എന്നിവർ സംബന്ധിച്ചു.