കമ്പത്ത് നാടൻ ബോംബെറിഞ്ഞ് ഭീതിപടർത്തിയ നാലുപേർ അറസ്റ്റിൽ
text_fieldsപിടിയിലായവർ
കുമളി: രാത്രിയിൽ വീടുകൾക്കുനേരെ നാടൻ ബോംബെറിഞ്ഞ് ഭീതി പടർത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പം, കാമയ്യൻ ഗൗണ്ടൻപ്പെട്ടി, സ്വദേശികളായ ശിവനാണ്ടി (45), ശങ്കിലി (44), മഹേന്ദ്രൻ (46), ചുരുളി (44) എന്നിവരെയാണ് ഉത്തമപാളയം ഡി.എസ്.പി ശ്രേയ ഗുപ്തയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ. കമ്പം, കാമയ്യൻ ഗൗണ്ടൻപ്പെട്ടി, സ്വദേശിയായ ഞ്ജാനേശ്വരനെ (43) ദിവസങ്ങൾക്ക് മുമ്പ് ബൈക്കിൽ കാമയ്യൻ ഗൗണ്ടൻപെട്ടിയിൽ പോയിരുന്നു. ഇവിടെവെച്ച് ചിലർ ബൈക്ക് തടഞ്ഞുനിർത്തി മർദിച്ചു.
ഈ വിവരം ബന്ധുക്കളെ അറിയിച്ചതോടെ മർദിച്ചവരുടെ വീടുകൾ സ്ഥിതിചെയ്യുന്ന ഗ്രാമത്തിൽ നാടൻ ബോംബെറിഞ്ഞ് ഭീതി പടർത്താൻ സംഘം തീരുമാനിക്കുകയായിരുന്നു.ബോംബേറിൽ പല വീടുകളുടെയും ജനലുകളും കതകുകളും തകർന്നു. ഭയന്നുവിറച്ച ഗ്രാമീണർ പുറത്തിറങ്ങും മുമ്പേ ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടിരുന്നു. ഒളിവിൽപോയ സംഘത്തെ പ്രത്യേക സ്ക്വാഡാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.